pregnant

കോഴിക്കോട്: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ 'കൂടെയുണ്ട് അങ്കണവാടികൾ" പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 33,115 അങ്കണവാടികളിലെ ഗുണഭോക്താക്കളായ മുലയൂട്ടുന്ന അമ്മമാർക്കായി ഓൺലൈൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്.

ഗുണഭോക്താക്കളുടെ സൗകര്യമനുസരിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിലൂടെയോ ഫോണിലെ കോൺഫറൻസ് കോളിലൂടെയോ ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. അങ്കണവാടി വർക്കറും ഏഴ് ഗുണഭോക്താക്കളും അടങ്ങുന്നതാണ് ഗ്രൂപ്പ് വീഡിയോ കോൾ. ഏഴിൽ കൂടുതൽ പേരുണ്ടെങ്കിൽ കൂടുതൽ ഗ്രൂപ്പ് വീഡിയോ കോളുകൾ നടത്തും.

 'കരുതലോടെ മുലയൂട്ടാം"

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി മാസവും ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യാധിഷ്ഠിത പരിപാടികൾ നടത്തുന്നത്. ജൂണിലെ വിഷയം 'കരുതലോടെ മുലയൂട്ടാം" എന്നാണ്. ഓരോ വിഷയത്തിലുമുള്ള ഗ്രൂപ്പ് വീഡിയോ കോളിന്റെ ക്രമവും അവതരണ ശൈലിയും പങ്കുവയ്‌ക്കേണ്ട സന്ദേശങ്ങളും വനിതാ ശിശുവികസന വകുപ്പാണ് നൽകുന്നത്.

 ലക്ഷ്യങ്ങൾ

1. ഗുണഭോക്താക്കൾക്ക് ലോക്ക് ഡൗണിൽ ആവശ്യമായ പിന്തുണ നൽകുക

2. പര‌സ്‌പര ചർച്ചകളിലൂടെ ആകുലതകൾ പരിഹരിക്കുക

3. ഗുണഭോക്താക്കൾക്ക് ആവശ്യമുള്ള പരിജ്ഞാനം ലഭ്യമാക്കുക

4. പരാമർശ സേവനങ്ങളെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കുക

5. ഗുണപരമായ മാതൃക പങ്കുവയ്‌ക്കുകയും ശേഖരിക്കുകയും ചെയ്യുക

6. സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം

7. ഗുണഭോക്താക്കൾക്ക് പ്രയോജനപ്രദമായ സ്വഭാവ പരിവർത്തനം

8. അങ്കണവാടി ഗുണഭോക്താക്കളുടെയും പ്രവർത്തകരുടെയും കൂട്ടായ്മ ശക്തിപ്പെടുത്തുക

'കൊവിഡ് വ്യാപന സാദ്ധ്യതയുള്ളതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗപ്പകർച്ച ഉണ്ടാകാതിരിക്കാൻ മൊബൈൽ ഫോണുകൾ വഴിയാണ് സാമൂഹ്യാധിഷ്ഠിത ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 'കുടുംബങ്ങളിലേക്ക് അങ്കണവാടി" എന്ന പേരിലുള്ള പദ്ധതിയിലൂടെ ഫോൺ മുഖേന അറിയിപ്പുകളും വിവരശേഖരണവും മറ്റുമായി ഗുണപരമായ മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞു. 44 ലക്ഷം വയോജനങ്ങളുടെ വിവരശേഖരം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

മന്ത്രി കെ.കെ. ശൈലജ