കോഴിക്കോട്: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കൊവിഡ് ആശ്വാസ നടപടികൾ ജനങ്ങളിലെത്തിയില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എം.പി. സി.പി.എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആദായ നികുതി ഓഫീസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തൊഴിലാളികൾ കഷ്ടപ്പെടുകയാണ്. നൂറുകണക്കിനാളുകൾ ഓരോ ദിവസവും മരിക്കുമ്പോഴും പ്രതിരോധ നടപടികളുണ്ടാകുന്നില്ല. ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും കേന്ദ്രത്തിനായില്ല.
കമ്പോളത്തിൽ അനക്കമുണ്ടാകാൻ ജനങ്ങളുടെ കൈയ്യിൽ പണമുണ്ടാകണം. പട്ടിണി മാറ്റാൻ കേന്ദ്രം ഇടപെടണം. എന്നാൽ, കാർഷിക മേഖലയെ തകർക്കുന്ന ഓർഡിനൻസാണ് സർക്കാർ കൊണ്ടുവന്നത്. തൊഴിൽ നിയമങ്ങൾ തകർക്കുന്ന നടപടികളാണ് കൊവിഡിന്റെ മറവിൽ സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദായനികുതി ദായകരില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ് മാസം 7500 രൂപ വീതം നൽകുക, എല്ലാ മാസവും ഒരാൾക്ക് പത്ത് കിലോ അരി നൽകുക, തൊഴിലുറപ്പ് പദ്ധതി വേതനം വർധിപ്പിക്കുക, 200 തൊഴിൽദിനം ലഭ്യമാക്കുക, നഗരങ്ങളിലെ പാവപ്പെട്ടവർക്കും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, അർഹരായ എല്ലാവർക്കും തൊഴിലുറപ്പ് വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.പി.ദാസൻ, ടൗൺ ഏരിയാ സെക്രട്ടറി കെ.ദാമോദരൻ, ടൗൺ ലോക്കൽ സെക്രട്ടറി കെ.കെ.ദീപക് എന്നിവർ പങ്കെടുത്തു. ജില്ലയിലെ കാൽലക്ഷം കേന്ദ്രങ്ങളിൽ സമരം നടന്നു.