കൽപ്പറ്റ: കൊവിഡ് കാലത്ത് നടത്തിയ ജില്ലാ കളക്ടറുടെ ഓൺലൈൻ പരാതി പരിഹാര അദാലത്തിൽ 44 പരാതികൾ തീർപ്പാക്കി. മാനന്തവാടി താലൂക്ക് പരിധിയിലെ പരാതികളാണ് ജില്ലയിലെ ആദ്യത്തെ ഓൺലൈൻ അദാലത്തിൽ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള പരിഗണിച്ചത്. ഒരോ അപേക്ഷകനും അനുവദിച്ച സമയത്ത് അക്ഷയ കേന്ദ്രങ്ങളിലെത്തി വീഡിയോ കോൺഫറൻസ് വഴി ജില്ലാ കളക്ടറോട് പരാതി ബോധിപ്പിക്കുന്ന തരത്തിലായിരുന്നു അദാലത്ത്.
ചൊവ്വാഴ്ച്ച രാവിലെ 10.30 മുതൽ നടന്ന അദാലത്തിലേക്ക് 78 അപേക്ഷകളാണ് പരിഗണിച്ചത്. 68 അപേക്ഷകർ നേരിട്ട് ജില്ലാ കളക്ടറുമായി സംസാരിക്കാൻ അക്ഷയ കേന്ദ്രങ്ങളിൽ എത്തി. തീർപ്പാക്കാത്ത പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഈ പരാതികളിൽ വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

അക്ഷയ കേന്ദ്രങ്ങളിൽ എത്തിയ പരാതിക്കാരെ സഹായിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. തഹസിൽദാർ അടക്കമുളള മറ്റ് ഉദ്യോഗസ്ഥർ അതത് ഓഫീസുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി അദാലത്തിൽ പങ്കാളികളായി.
ഓൺലൈൻ പഠന ക്ലാസ് ലഭിക്കുന്നതിനായി തിരുനെല്ലി പഞ്ചായത്തിലെ രണ്ട് പട്ടിക വർഗ കുടുംബങ്ങളിൽ നിന്നു ലഭിച്ച അപേക്ഷകളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മാനന്തവാടി ട്രൈബൽ ഓഫീസർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ലൈഫ് പദ്ധതി, ദുരിതാശ്വാസനിധി എന്നിവയിലേക്കുളള അപേക്ഷകൾ, സർവ്വെ സംബന്ധിച്ച പരാതികൾ, റേഷൻകാർഡ്, ചികിത്സാ സഹായം തുടങ്ങിയവയണ് അപേക്ഷയിൽ അധികമുണ്ടായിരുന്നത്. ഓരോ മാസത്തിലേയും മൂന്നാമത്തെ ശനിയാഴ്ച്ച നടത്തി വന്നിരുന്ന താലൂക്ക്തല പരാതി പരിഹാര അദാലത്താണ് കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ച് സർക്കാർ നിർദ്ദേശപ്രകാരം ഓൺലൈനിൽ സംഘടിപ്പിച്ചത്.
കളക്‌ട്രേറ്റിൽ നടന്ന ഓൺലൈൻ അദാലത്തിൽ സബ് കളക്ടർ വികൽപ് ഭരദ്വാജ്, അസിസ്റ്റന്റ് കളക്ടർ ഡോ.ബൽപ്രീത് സിങ്, ഡെപ്യൂട്ടി കളക്ടർമാരായ ഇ.മുഹമ്മദ് യൂസഫ്, കെ. അജീഷ്, ഐ.ടി. ജില്ലാ പ്രോജക്ട് മാനേജർ നിവേദ്, റവന്യ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.