കോഴിക്കോട്: ഇന്നലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 102 ആയി. ആകെ 167 പേർക്കാണ് കൊവിഡ് ബാധിച്ചത്. 64 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാൾ ഒമാനിൽ നിന്നും രണ്ട് പേർ മുംബയിൽ നിന്നും ഒരാൾ ഒഡീഷയിൽ നിന്നുമാണ് വന്നത്.
ജൂൺ 10ന് മുംബയിൽ നിന്നെത്തിയ ചേവരമ്പലം സ്വദേശിനികളായ രണ്ടു പേർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന് 14 ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. താമരശ്ശേരി സ്വദേശിയായ യുവാവ് 11ന് ഒമാനിൽ നിന്ന് കണ്ണൂരിലെത്തിയ ശേഷം താമരശ്ശേരിയിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന് 14ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഡ്രൈവറായ ഫറോക്ക് സ്വദേശി മേയ് 30ന് ഒഡീഷയിൽ നിന്ന് കോഴിക്കോട്ടെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
ചികിത്സയിലുള്ളവരിൽ 26 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 69 പേർ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേർ കണ്ണൂരിലും മൂന്ന് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ജില്ലയിലെ കൊവിഡ് കണക്കുകൾ
ഇന്നലെ നിരീക്ഷണത്തിലായവർ- 878
ആകെ നിരീക്ഷണത്തിലുള്ളവർ- 11,463
നിരീക്ഷണം പൂർത്തിയാക്കിയവർ- 38,777
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്- 195
മെഡിക്കൽ കോളേജിലുള്ളത്- 113
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുള്ളത്- 82
ഇന്നലെ ഡിസ്ചാർജ്ജായവർ- 30
നിരീക്ഷണത്തിലുള്ള പ്രവാസികൾ- 4113
കൊവിഡ് കെയർ സെന്ററുകളിൽ- 466
വീടുകളിൽ- 3569
ആശുപത്രികളിൽ- 78
നിരീക്ഷണം പൂർത്തിയാക്കിയ പ്രവാസികൾ- 1991
ഇന്നലെ പരിശോധിക്കാനയച്ച സ്രവസാമ്പിൾ- 161
ലഭിച്ച ഫലം- 8987
നെഗറ്റീവായത്- 8790