guru

കൊയിലാണ്ടി: കൊവിഡിൽ നിന്ന് രക്ഷതേടി കലയും കലാകാരനും വീടുകളിലേക്ക് മടങ്ങിയതോടെ ഇന്നലകളെ ഓർത്തെടുത്തും ഭക്തിയിൽ ലയിച്ചും പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. ശീലങ്ങളെയൊന്നും പ്രായം തളർത്തിയിട്ടില്ല. അതിരാവിലെ എഴുന്നേൽക്കും. കുളികഴിഞ്ഞാൽ ധ്യാനവും ജപവും. ടി.വിയിലൂടെ വാർത്തയും വിനോദപരിപാടികളും കണ്ടിരിക്കും.

എന്നാൽ ചക്ര കസേരയിലിരുന്ന് കഥകളി കോപ്പുകളിലേക്കും പുരസ്‌കാരങ്ങളിലേക്കും കണ്ണെടുക്കാതെയുള്ള നോട്ടം കണ്ടാലറിയാം കൊവിഡ് തെല്ലൊന്നുമല്ല ഈ കഥകളി ആചാര്യന്റെ മനസിനെ ഉലച്ചതെന്ന്. 30 വർഷം മുമ്പ് സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയം അടഞ്ഞുകിടപ്പാണ്. വർഷത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കുട്ടികളുടെ ഒഴിവുകാല പഠനശിബിരവും മുടങ്ങി. വിദേശത്തു നിന്നടക്കം നൃത്തം പഠിക്കാനെത്തുന്ന വിദ്യാർത്ഥികളിൽ നിന്നുള്ള വരുമാനം മുടങ്ങിയതോടെ കഥകളി വിദ്യാലയത്തിലെ അദ്ധ്യാപകരുടെ സ്ഥിതി കഷ്ടത്തിലായി. ഇപ്പോൾ ശിഷ്യൻമാരാരും വീട്ടിലെത്താറില്ല. മരുമകൻ ശങ്കരൻ മാസ്റ്ററുടെ സാന്നിധ്യമാണ് ഗുരുവിന് ആശ്വാസം. ഫോണിലൂടെ എല്ലാവരും സുഖവിശേഷം അന്വേഷിക്കുമെങ്കിലും കാണാത്തതിന്റെ സങ്കടം ഗുരു മറച്ചുവയ്ക്കുന്നില്ല. കഥകളിയും ഭരതനാട്യവും നാടകവുമായി കലയുടെ വസന്തകാലം വിരിയിച്ച ഭാരതീയ നടന കലാലയം, ചേലിയ കഥകളി വിദ്യാലയം, പൂക്കാട് കലാലയം എന്നീ സ്ഥാപനങ്ങളുടെ അമരക്കാരനായ ഗുരുവിന്റെ ഒരോ ജന്മദിനവും നാടിന്റെ ഉത്സവമായിരുന്നു. ജൂലായ് 26നാണ് ഗുരുവിന്റെ 105ാം ജന്മദിനം.