സുൽത്താൻ ബത്തേരി: ഡ്യുട്ടിയില്ലാത്തവരും ഡിപ്പോവിൽ ഹാജരാകണമെന്ന കെ.എസ്.ആർ.ടി.സി അധികൃതരുടെ നിർദേശത്തിനെതിരെ ബത്തേരി ഡിപ്പോവിൽ ജീവനക്കാരുടെ പ്രതിഷേധം. പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കിയതോടെയാണ് ജീവനക്കാരുടെ പ്രതിഷേധം കെട്ടടങ്ങിയത്.
കൊവിഡ് 19 നിയന്ത്രണങ്ങൾ പാലിക്കാതെ ഡ്യൂട്ടിയില്ലാത്ത കണ്ടക്ടർമാരെയും ഡ്രൈവർമാരെയും വിളിച്ചുവരുത്തിയതാണ് ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമായത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ബത്തേരി ഡിപ്പോവിൽ നിന്ന് 35 സർവ്വീസുകളാണ് ഇപ്പോൾ നടത്തുന്നത്. ഈ സർവ്വീസുകളിൽ പോകേണ്ട ജീവനക്കാർക്ക് പുറമെ ഡിപ്പോവിലെ എല്ലാ കണ്ടക്ടർമാരും ഡ്രൈവർമാരും എട്ട് മണിക്കൂർ ഡിപ്പോവിൽ തങ്ങണമെന്ന നിർദ്ദേശമാണ് ഡിപ്പോ അധികൃതർ മുന്നോട്ട് വെച്ചത്. ഇതിനായി എല്ലാവരെയും ഡിപ്പോവിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.
ഇന്നലെ ഡ്യുട്ടിക്ക് പോകേണ്ട ജീവനക്കാരേക്കാൾ നൂറോളം ജീവനക്കാരെയാണ് അധികമായി ഡിപ്പോവിലേക്ക് വിളിച്ചുവരുത്തിയത്. എല്ലാവരും എത്തിയതോടെ സാമൂഹിക അകലംപോലും ഡിപ്പോവിൽ പാലിക്കപ്പെട്ടില്ല. ജീവനക്കാർ കൂട്ടമായി ഇൻസ്‌പെക്ടറുടെ ഓഫീസിന് മുന്നിൽ തടിച്ചുകൂടി. ഡ്യുട്ടിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ജീവനക്കാർ ഒപ്പിടേണ്ടതുണ്ട്. ഡ്യുട്ടിയില്ലാത്ത ജീവനക്കാർ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയതോടെ ബസ് കയറാൻ എത്തിയ യാത്രക്കാർക്കും ബുദ്ധിമുട്ടായി.

പൊലീസ് സ്ഥലത്തെത്തി തൊഴിലാളികളും ഡിപ്പോ അധികൃതരുമായി സംസാരിച്ചതിനെ തുടർന്ന് 35 സർവ്വീസിനുള്ള തൊഴിലാളികളെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഡ്യൂട്ടി ക്രമീകരിക്കുകയും മറ്റുള്ളവർ രാവിലെ എത്തി ഒപ്പിട്ട് മടങ്ങാനും തീരുമാനിച്ചു.
ഈ സമയത്ത് ജീവനക്കാരോട് കടുംപിടുത്തം കാണിക്കരുതെന്നും, ഡ്യുട്ടിക്ക് പോകാത്തവരെ ഈ ദിവസങ്ങളിൽ രാവിലെ ഡിപ്പോവിലെത്തി ഒപ്പിട്ട് മടങ്ങാൻ അനുവദിക്കണമെന്നുമായിരുന്നു ജീവനക്കാരുടെ ആവശ്യം. ഡിപ്പോവിൽ സാനിറ്റൈസർ അടക്കമുള്ള മുൻകരുതൽ സാധനങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തുക, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുക, ജീവനക്കാരെ ഉപദ്രവിക്കുന്ന നടപടിയിൽ നിന്ന് മാനേജ്‌മെന്റ് പിൻതിരിയുക എന്നീ ആവശ്യങ്ങളും ജീവനക്കാർ ഉന്നയിച്ചു.

എന്നാൽ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന്റെ നിർദ്ദേശപ്രകാരമാണ് ഡിപ്പോവിന്റെ പ്രവർത്തനം നടക്കുന്നതെന്നും മറ്റ് ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഡിപ്പോ അധികൃതർ പറയുന്നു.

ഫോട്ടോ
പ്രതിഷേധവുമായി തടിച്ചുകൂടിയ കെ.എസ്.ആർ.ടി.സി ജീവനക്കാർ