കോഴിക്കോട്: പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി തടമ്പാട്ടുതാഴത്ത് മോക്ക് ഡ്രിൽ നടത്തി. ആറു നില കെട്ടിടത്തിന്റെ രണ്ടു നിലകളിൽ വെള്ളം കയറുകയും തൊട്ടടുത്ത കെട്ടിടം തകരുകയും ചെയ്ത സാഹചര്യമാണ് ആവിഷ്‌കരിച്ചത്. കളക്ടറേറ്റിലെ അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ വിവരം ലഭിച്ചതോടെ ആറാം മിനിറ്റിൽ ഫയർ ഫോഴ്‌സിന്റെ ജീപ്പ് സ്ഥലത്തെത്തി. 10 മിനിറ്റിനകം റബ്ബർ ഡിങ്കിയുള്ള ഫസ്റ്റ് റെസ്‌പോൺസ് വെഹിക്കിൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. എമർജൻസി റെസ്‌പോൺസ് വാഹനവും ഉണ്ടായിരുന്നു.
കൊവിഡ് 19 മാനദണ്ഡപ്രകാരം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ആളെയും 60 വയസിന് മുകളിൽ പ്രായമുള്ളതും ഹൈ റിസ്‌ക് വിഭാഗത്തിൽപെട്ടതുമായ ആളെയുമാണ് വെള്ളം കയറിയ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇവരെ പോട്ടൽ വാർ സിറ്റിയിൽ സജ്ജമാക്കിയ ക്വാറന്റൈൻ കെട്ടിടത്തിലേക്ക് മാറ്റി. സമീപത്തെ തകർന്ന കെട്ടിടത്തിൽ നിന്നും രക്ഷപെടുത്തിയ ആളെ പ്രോവിഡൻസ് കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. കെട്ടിടാവശിഷ്ടങ്ങൾ മാറ്റുന്നതിന് ജെസിബിയും എത്തിച്ചിരുന്നു. തടമ്പാട്ടുതാഴത്ത് അൽപ സമയത്ത് ഗതാഗത തടസമുണ്ടായെങ്കിലും ഉടനെ പുനരാരംഭിച്ചു. അഗ്നിശമന രക്ഷാസേനയും സിവിൽ ഡിഫൻസ് വളണ്ടിയർമാരുമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനാവശ്യമായ വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പും ബോട്ടുകൾ ഫിഷറീസ് വകുപ്പും എത്തിച്ചു.
അസി. കളക്ടർ ശ്രീധന്യ സുരേഷ്, ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ കെ.പി. ബാബുരാജ്, ആർ.ടി.ഒ പി.എം. ഷബീർ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.