മേപ്പാടി: സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റെയ്ഞ്ചിന് പരിധിയിൽ വരുന്ന കാരാപ്പുഴ - അമ്പലവയൽ റോഡിലെ കാരാപ്പുഴ കള്ളുഷാപ്പിന് മുൻവശത്ത് അനധികൃതമായി വാഹനത്തിൽ കടത്തിക്കൊണ്ടു വന്ന്‌ ശേഖരിച്ച സർക്കാർ വീട്ടിമരങ്ങൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി.
മരം നീക്കം ചെയ്യാൻ ഉപയോഗിച്ച മിനിലോറിയും കസ്റ്റഡിയിലെടാത്തു. കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കേസ്സിൽ ഉൾപ്പെട്ടിട്ടുളളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പ്രതികളെ സംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും മേപ്പാടി റെയ്ഞ്ച്‌ ഫോറസ്റ്റ് ഓഫീസർ കെ.ബാബുരാജ് അറിയിച്ചു.

അമ്പലവയൽ പ്രദേശം കേന്ദ്രീകരിച്ച് വീട്ടികൾ വലിയതോതിൽ മുറിച്ചു കടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം കുറ്റകൃത്യത്തിലേർപ്പെടുന്നവരെ പിടികൂടി നടപടി സ്വീകരിക്കുമെന്നും ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.
മേപ്പാടി റെയ്ഞ്ച്‌ ഫോറസ്റ്റ് ഓഫീസർ കെ.ബാബുരാജ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ബി.പി.രാജു, ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർമാരായ കെ.പി.സജി പ്രസാദ്, എ.അനിൽകുമാർ, വാച്ചർമാരായ ടി.എം.ബാബുരാജ്, കെ.ലക്ഷ്മണൻ എന്നിവരാണ് മരം പിടികൂടിയത്.