കോഴിക്കോട്: കൊവിഡ് കാലത്തെ കാത്തിരിപ്പും അകലം പാലിക്കലും ഒന്നും ഇനി വേണ്ട; സേവനമെന്തും എളുപ്പത്തിൽ നൽകാനും നേടാനും ന്യൂജെൻ ആപ്പുമായി യുവസംരംഭകൻ. കോഴിക്കോട് കക്കോടി സ്വദേശി സി. ജിബിനാണ് ബുക്ക് ക്യൂ , ബുക്ക് ക്യൂ പാർട്ട്ണർ എന്നീ ആപ്പുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് . ബാർബർ ഷോപ്പ്, മെഡിക്കൽ ഷോപ്പ്, ലാബ്, ഡോക്ടറുടെ സേവനം തുടങ്ങി എന്തും തിരക്കില്ലാതെ, ആവശ്യമായ സമയത്ത് ആപ്പിലൂടെ നേടാം. ജിബിന്റെ നേതൃത്വത്തിലുള്ള നോവിൻഡസ് ടെക്‌നോളജീസ് എന്ന കമ്പനിയാണ് ആപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബുക്ക് ക്യൂ
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനുശേഷം ഫോൺ നമ്പറിലേക്ക് ഒ.ടി.പി വരുന്നതോടെ ബുക്കിംഗ് പൂർത്തിയാകും. ഷോപ്പുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെ സേവനം തീയതിയും സമയവും നോക്കി ബുക്ക് ചെയ്യാം.
ബുക്ക് ക്യൂ പാർട്ട്ണർ
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ഉടമകൾ സ്ഥാപനത്തിന്റെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. മണിക്കൂറിൽ എത്രപേരെ ഉൾക്കൊള്ളിക്കാമെന്ന വിവരങ്ങൾ ഉടമ നൽകുന്നതിന് അനുസരിച്ചാണ് സേവന സമയം നിശ്ചയിക്കുക. പിൻകോഡ്, ബ്രാൻഡ് പേര് തുടങ്ങിയവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്ഥാപനങ്ങൾ കണ്ടെത്താം.
തുടക്കം സംസ്ഥാനത്ത്
ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് മാത്രമാണ് സേവനം. വെെകാതെ വിവിധ രാജ്യങ്ങളിലേക്ക് സേവനം ലഭ്യമാക്കും.
'ആളുകളെ കൂടുതൽ സമയം കാത്തുനിർത്താതെ സേവനങ്ങൾ നൽകുക എന്നതാണ് ആപ്പിന്റെ ഉദ്ദേശം.
ആപ്പിനെകുറിച്ച് അറിഞ്ഞുതുടങ്ങിയതോടെ കൂടുതൽ പേർ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. '- ജിബിൻ
.