manu
മനുവും തങ്കവും മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപതിനായിരം രൂപയുടെ ചെക്ക് കൈമാറുന്നു. പൊലീസ് ഇൻസ്പെക്ടർ എ. ഉമേഷ് സമീപം

കോഴിക്കോട്: സ്നേഹവും കരുതലും കൈമുതലാക്കി തങ്കവും മനുവും ഈ ലോകത്തെ തോൽപ്പിക്കുകയാണ്. കണ്ണീരിലാണ്ടുപോയ ജീവിതത്തിൽ നിന്ന് പ്രതീക്ഷയുടെ ദാമ്പത്യത്തിലേക്ക് കൈപിടിച്ചപ്പോൾ സമൂഹത്തെയും അവർ നെഞ്ചോട് ചേർത്തു. വിവാഹാഘോഷത്തിനുള്ള 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാണ് ഇരുവരും സമൂഹത്തിൽ കരുതലിന്റെ വിത്തുപാകിയത്. സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ് തുക ഏറ്രുവാങ്ങി.

 പ്രണയകാലം

വാർദ്ധക്യത്തിലേക്ക് കാലൂന്നിയ മനു (61) തങ്കത്തിനോട് (54) ഇഷ്ടം പറഞ്ഞപ്പോൾ നെറ്റി ചുളിച്ചവർ നിരവധിയാണ്. എന്നാൽ പ്രണയത്തിനും വിവാഹത്തിനും ഒന്നും തടസമെല്ലെന്ന് അടിവരയിട്ട് തെളിയിക്കുന്നതാണ് ഇവരുടെ ജീവിതം. കോഴിക്കോട്ടെ അഗതി മന്ദിരത്തിൽ പാചകക്കാരനായി എത്തിയപ്പോഴാണ് മനുവിന് അന്തേവാസിയായിരുന്ന തങ്കത്തെ ശേഷിച്ച ജീവിതത്തിൽ ഒപ്പം കൂട്ടാൻ തോന്നിയത്. പലരും അനുകൂലിച്ചെങ്കിലും ചില എതിർപ്പുകളെ തുടർന്ന് മനുവിന് ജോലി നഷ്ടമായി. പിന്നീട് ലോട്ടറി കച്ചവടമായിരുന്നു ആശ്രയം. എന്നാൽ വിധി അവിടെയും മനുവിനെ തോൽപിച്ചു. ലോട്ടറിയും പണവും മൊബൈലുമെല്ലാം ആരോ മോഷ്ടിച്ചു.

അതിനിടെയാണ് കൊവിഡ് കാലം മനുവിന്റെ ജീവിതം മാറ്റിമറിച്ചത്. ലോക്ക് ഡൗണിൽ തെരുവിൽ നിന്ന് പുനരധിവസിപ്പിച്ചവരുടെ കൂട്ടത്തിൽ മനുവുമുണ്ടായിരുന്നു. സ്നേഹ നിധിയായ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ എ. ഉമേഷിനോട് തന്റെ കഥ പറഞ്ഞതോടെ തങ്കം മനുവിന് സ്വന്തമാകുന്നതിലേക്ക് കാര്യങ്ങളെത്തി. തുടർന്ന് പൊലീസിന്റെ സഹായത്തോടെ മേയ് 27ന് പുതിയങ്ങാടി സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹിതരായി. ചാലപ്പുറത്ത് വാടക വീടുമെടുത്തു. മനുവിന് ഹോട്ടലിൽ ജോലി കിട്ടിയപ്പോൾ തയ്യൽ അറിയാവുന്ന തങ്കം മാസ്‌ക് നിർമ്മിക്കുകയാണ്.

തിരുവനന്തപുരത്തെ അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ശേഷം ഇപ്പോഴാണ് ജീവിതത്തിന്റെ തിളക്കം മനു അറിയുന്നത്.

കോഴിക്കോട് പേരാമ്പ്രയിൽ ജനിച്ച തങ്കത്തെ ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാതായപ്പോൾ അമ്മയാണ് അഞ്ചാംവയസിൽ അനാഥാലയത്തിലാക്കിയത്. ഏറെ കാലത്തിന് ശേഷം അമ്മ മടങ്ങിയെത്തിയത് മാത്രമാണ് ഏക ആശ്വാസം. പിന്നീട് പല ജോലികൾ ചെയ്ത് ജീവിതം തള്ളി നീക്കിയ അവർ അമ്മയുടെ മരണമുൾപ്പെടെയുള്ള ദുരിതങ്ങളും നേരിട്ടു. ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോൾ വീണ്ടും അഗതി മന്ദിരത്തിലെത്തുകയായിരുന്നു.