കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്ന്‌കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് ആവശ്യപ്പെട്ടു.
ചാർട്ടർ വിമാനങ്ങളിൽ വരുന്നവർ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാടിൽ പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കുപോലും ടെസ്റ്റ് നടത്താൻ വിദേശത്ത് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു. എംബസികളുടെ നേതൃത്വത്തിൽ രോഗനിർണയം നടത്തണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിലും സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ പരിശോധന വേണ്ടെന്നത് പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കുന്നു.
നാട്ടിലേക്കു വരാനായി ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ രജിസ്റ്റർ ചെയ്ത് പതിനായിരങ്ങളാണ് കാത്തിരിക്കുന്നത്. ഗർഭിണികൾ, രോഗികൾ, പ്രായം ചെന്നവർ, തൊഴിൽ നഷ്ടപ്പെട്ടവർ തുടങ്ങി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്ന രജിസ്റ്റർ ചെയ്ത പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു.