കോഴിക്കോട്: കൊവിഡിനെ അതിജീവിക്കുന്ന സാമൂതിരി നാടിനായി മാനാഞ്ചിറ മൈതാനത്തിന്റെ നവീകരണം പുനഃരാരംഭിക്കുന്നു.
ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ച ജോലികളാണ് പുനഃരാരംഭിച്ചത്. മാനാഞ്ചിറയിൽ പൊതുജനത്തിനായി നിർമ്മിക്കുന്ന ഓപ്പൺ ജിമ്മിലെ ഉപകരണങ്ങളും സ്ഥാപിച്ചു.
കോർപറേഷനും ഡി.ടി.പി.സിയും ചേർന്നാണ് നവീകരണം നടത്തുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഡി.ടി.പി.സിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ നഷ്ടപ്പെട്ട മൊഞ്ച് മാനാഞ്ചിറ വീണ്ടെടുക്കുമെന്നാണ് അധികൃതരുടെയും നാട്ടുകാരുടെയും വിശ്വാസം. ഒരുമാസത്തിനകം നിർമ്മാണം പൂർത്തിയാകുമെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഉദ്ഘാടനത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
വരുന്നത് ഹൈടെക്ക് പാർക്ക്
ചെസ്റ്റ് പ്രസ്, ലെഗ് പ്രസ്, എയർ വോക്കർ, ഹാൻഡ് റോവർ, ബാർ ക്ലൈംബർ, ഹിപ്പ് ഷേപ്പർ, ഹാൻഡ് പുള്ളർ, സ്ട്രചിംഗ് വീൽ, ബാക്ക് ആൻഡ് ഹിപ്പ് മസാജറുമടക്കം മഴയത്തും വെയിലത്തും ഉപയോഗിക്കാവുന്ന പതിനഞ്ച് ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് ചുറ്റും ടൈൽ പാകിയ ശേഷമുള്ള പെയിന്റടിക്കലാണ് ഇനി പൂർത്തിയാകാനുള്ളത്. മഴയും തൊഴിലാളികളുടെ കുറവും കാരണമാണ് ഇവ നീണ്ടു പോകുന്നത്.
സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ച് നിർമ്മിക്കുന്ന ബാസ്‌ക്കറ്റ് ബോൾ കോർട്ട് നിർമ്മാണം പൂർത്തിയായി.
കൊവിഡ് പണിമുടക്കി
മാർച്ചിൽ പൂർത്തിയാകേണ്ട ജോലി കൊവിഡിനെ തുടർന്നാണ് നിറുത്തിയത്. ലോക്ക് ഡൗൺ ഇളവോടെ മേയ് ഏഴിന് പുനഃരാരംഭിച്ചു. നവീകരണത്തിന്റെ ബാക്കി ജോലികളും അവസാനഘട്ടത്തിലാണ്. സെക്യൂരിറ്റി റൂമിന് ഓടിടുന്ന ജോലിയും പുരോഗമിക്കുകയാണ്. കൂടാതെ ചുറ്റുമതിലിൽ വിളക്കുകാലുകളും മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാല് ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ സാമൂഹ്യവിരുദ്ധ ശല്യവും ഇല്ലാതാകും.
മറ്റ് വികസനങ്ങൾ
ഇ-ടോയ്‌ലറ്റുകൾക്ക് പകരം പൊതു ശൗചാലയങ്ങൾ നിർമ്മിച്ചു
പൊളിഞ്ഞ മതിലുകൾ പുനർനിർമ്മിച്ച് ചെയിന്റടിക്കുന്നു
പൊതുപരിപാടികൾ നടത്തുന്നതിന് ഓപ്പൺ സ്റ്റേജൊരുക്കി.
മൈതാനം മനോഹരമാക്കാൻ പുല്ല് നട്ടു, ലാൻഡ്‌സ്‌കേപ്പുകൾ നിർമ്മിച്ചു
കോംട്രസ്റ്റ് പരിസരത്തിനോട് ചേർന്ന് ഇരിപ്പിടങ്ങൾ സ്ഥാപിച്ചു