സുൽത്താൻബത്തേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സുൽത്താൻബത്തേരി കെ.എസ്.ആർ.ടി.സി ഗ്യാരേജിന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പാലക്കാട് ചിറ്റൂർ സ്വദേശി പുത്തൻവീട്ടിൽ വിനോദ് എന്ന മുജീബിനെ (43) യാണ് കൽപ്പറ്റ കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പ്രത്യേക കോടതി പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.

2018 ജൂലൈ 25 ന് ആണ് കേസിന് ആസ്പദമായ സംഭവം. ബന്ധുവായ പെൺകുട്ടിയെ ആണ് ഇയാൾ പീഡനത്തിന് വിധേയയാക്കിയത്. പിഴയായി അടയ്ക്കുന്ന തുക പെൺകുട്ടിക്ക് നൽകണം.

കോഴിക്കോട് മെഡിക്കൽകോളേജിൽ ഗുരുതരാവസ്ഥയിലുള്ള സഹോദരനെ കാണാൻ പെൺകുട്ടിയെ സ്‌കൂളിൽ നിന്ന് പ്രതിയുടെ മകൻ വിളിച്ചു കൊണ്ടുവരികയായിരുന്നു. സമയം വൈകിയതിനാൽ അന്ന് ആശുപത്രിയിൽ പോകാനായില്ല. അന്ന് വിനോദിന്റെ വീട്ടിൽ താമസിച്ച പെൺകുട്ടിയെ അവിടെവച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് പെൺകുട്ടിയും വിനോദിന്റെ മകനും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി രോഗിയെ കണ്ട് മടങ്ങി. സ്‌കൂളിലെത്തിയ പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെതുടർന്ന് അദ്ധ്യാപികമാരാണ് കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗൺസിലിംഗിൽ ആണ് ബലാൽസംഗ വിവരം പുറത്തായത്. പെൺകുട്ടിയുടെ സഹോദരനും പിതാവും മരണപ്പെട്ടതിനെ തുടർന്ന് കേസ് വൈകി.

ഇപ്പോൾ ഡിവൈ.എസ്.പിയായ ബത്തേരി സർക്കിൾ ഇൻസ്‌പെക്ടർ എം.ഡി.സുനിൽ, എ.എസ്.ഐ മാരായ ശശികുമാർ, ഉമ്മർ, ഹരീഷ് കുമാർ, ഹെഡ് കോൺസ്ററബിൾ മോൻസി എന്നിവരാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പോക്‌സോ കോടതി ജഡ്ജ് കെ.രാമകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.

വിക്ടിം കോമ്പൻസേഷൻ പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നൽകണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി.സിന്ധു ഹാജരായി.