azhiyur-bund

കോഴിക്കോട്: അഴിയൂർ ഗ്രാമപഞ്ചായത്തിലെ കക്കടവിൽ മാഹി പുഴയിൽ ദേശീയ പാത ബൈപാസിനായി നിർമ്മിച്ച ബണ്ടുകൾ പൊളിച്ചുമാറ്റി. നിർമ്മാണ കമ്പനിയായ ഇ.കെ.കെയോട് ബണ്ട് പൊളിക്കണമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. മാഹി പുഴയുടെ ഒഴുക്ക് തടസപ്പെടുത്തുന്ന ബണ്ടുകൾ പ്രളയത്തിന് കാരണമാകുമെന്ന് കാണിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് കലക്ടർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 110 മീറ്റർ വീതിയുള്ള ബണ്ടുകൾ പൊളിച്ചത്.

അഴിയൂർ, ഏറാമല, എടച്ചേരി, തൂണേരി നാദാപുരം പഞ്ചായത്തുകളെ ആശങ്കപ്പെടുത്തിയ ബണ്ടാണ് പൊളിച്ചത്.

ബണ്ട് പൊളിച്ച പ്രദേശം ഡെപ്യൂട്ടി കലക്ടർ ടി. ജനിൽ കുമാർ സന്ദർശിച്ചു. സമീപത്തെ എട്ടു മീറ്റർ വീതിയിലുള്ള ബണ്ട് പൊളിക്കാനും ഇ.കെ.കെ കമ്പനിക്ക് നിർദ്ദേശം നൽകി. പുഴയിലുള്ള തെങ്ങ് തടികൾ മാറ്റണമെന്നും നിർദേശിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ, സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വാർഡ് മെമ്പർ ഉഷ കുന്നുമ്മൽ, വില്ലേജ് ഓഫീസർ ടി.പി. റിനീഷ് കുമാർ, ഇ.കെ.കെ കമ്പനി സീനിയർ സൂപ്രണ്ട് പി. ഉമ്മർ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു. 126 മീറ്റർ വീതിയുള്ള പുഴയിൽ നല്ല ഒഴുക്കിനുള്ള സൗകര്യം ലഭിച്ചതായി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.