കുറ്റ്യാടി: കൊവിഡിനെ പ്രതിരോധിക്കാൻ ഒരു കൂട്ടം ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തകർ നടത്തിയ സേവനം ടെലിഫിലിമിലൂടെ ജനങ്ങളിൽ എത്തിക്കാൻ മരുതോങ്കര ഗ്രാമപഞ്ചായത്ത്. ആർ.ആർ.ടി വളണ്ടിയർമാർ, തൊട്ടിൽപ്പാലം പൊലീസ് , റവന്യു, ആരോഗ്യ വകുപ്പ് , കമ്മ്യൂണിറ്റി കിച്ചൺ എന്നിവരുടെ പ്രവർത്തനം ദൃശ്യവത്ക്കരിക്കുകയാണ് 'അതിജീവനം' എന്ന ടെലിഫിലിമിൽ. വി .കെ .ടി മരുതോങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്ത ടെലിഫിലിമിന്റെ കഥ ലിജീഷ് ഉണ്ണിയുടേതാണ്. എഡിറ്റിംഗ് ഷാരോൺ വി റാം, സഹസംവിധാനം സച്ചിൻ വി റാം, പ്രൊഡക്ഷൻ കൺട്രോൾ വിജയൻ കോതോട് , ഗാനരചന ഒ .ബാബു , സംഗീതം അഡ്വ. വിനീഷ് കുമാർ , ക്യാമറ സന്തോഷ് കാരയാട്. മന്ത്രി ടി.പി.രാമകൃഷ്ണന്റെ ആമുഖത്തോടെ ടെലിഫിലിം പരിചയപ്പെടുത്തും. ഇ.കെ.വിജയൻ എം.എൽ.എ നാളെ രാവിലെ 10ന് ടെലിഫിലിം പ്രകാശനം ചെയ്യും. കേരളത്തിൽ ആദ്യമായി കൊവിഡ് ബോധവത്ക്കരണത്തെ പറ്റി ടെലിഫിലിം തയ്യാറാക്കുന്നത് മരുതോങ്കര ഗ്രാമപഞ്ചായത്താണെന്ന് രക്ഷാധികാരികളായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതിയും വൈസ് പ്രസിഡന്റ് സി.പി.ബാബുരാജും പറഞ്ഞു.