കോഴിക്കോട്: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാജാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ പാളിച്ചയിലും അഴിമതിയിലും പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് -19 പ്രതിരോധ പ്രവർത്തനം സംബന്ധിച്ച് മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാർക്കുപോലും അറിയില്ല. കൂട്ടായ പരിശ്രമമോ പ്രവർത്തനങ്ങളോ നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ വൺമാൻ ഷോയാണ് നടക്കുന്നത്.
പ്രവാസികൾക്കായി രണ്ടര ലക്ഷം ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രവാസികളുടെ വരവ് തടസപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. വന്ദേഭാരത് മിഷൻ വഴി എത്തുന്ന പ്രവാസികളുടെ വരവ് തടയാനും ശ്രമമുണ്ടായി.
പ്രവാസികളെ മടക്കി കൊണ്ടുവരാൻ നേതൃത്വം നൽകുന്ന കേന്ദ്രമന്ത്രി വി. മുരളീധരനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. വൈദ്യുതി ബില്ലിലൂടെ ജനങ്ങളെ ഷോക്കടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കിഡ്‌സൺ കോർണറിൽ നടന്ന ധർണയിൽ ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. സി.ആർ. പ്രഫുൽ കൃഷ്ണൻ, എം.മോഹനൻ, ടി. ദേവദാസൻ, അഡ്വ.കെ.വി.സുധീർ, രമണിഭായി എന്നിവർ പ്രസംഗിച്ചു. ബി.കെ.പ്രേമൻ, വി.കെ.ജയൻ, ജയാസദാനന്ദൻ, കെ.രജനീഷ് ബാബു, ശശീന്ദ്രൻ മാസ്റ്റർ, ടി.ചക്രായുധൻ, രമ്യ മുരളി, ടി.റെനീഷ്, നാരങ്ങയിൽ ശശിധരൻ, പി.എം.ശ്യാമപ്രസാദ്, ബാബു മൂലയിൽ, ഷാൻ കട്ടിപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.