കൽപറ്റ: നാട്ടിലേക്ക് തിരിച്ചുവരാൻ കഴിയാതെ ഇസ്രായേലിൽ കഴിയുന്ന പ്രവാസികളെ തിരിച്ചെത്തിക്കാൻ നടപടികൾ കേന്ദ്ര സർക്കാരും വിദേശകാര്യവകുപ്പും സ്വീകരിക്കണമെന്ന് കേരള പ്രവാസി സംഘം ആവശ്യപ്പെട്ടു. ഭൂരിപക്ഷവും സ്ത്രീകൾ അടങ്ങുന്ന പ്രവാസി സമൂഹം നാട്ടിലേക്ക് മടങ്ങുന്നതിന് വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി വിമാനം ലഭ്യമാക്കുന്നതിനായി ഇസ്രായേലിലെ ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നുവെങ്കിലും അനുകൂലമായ നിലപാടല്ല അധികൃതർ സ്വീകരിച്ചത്. നിരവധി വായനാട്ടുകാരും ഇതിൽ ഉണ്ട്. സംഘടനയുടെ സംസ്ഥാന ഭാരവാഹികളായ കെ.വി.അബ്ദുൾ ഖാദർ എംഎൽഎ, പി.ടി.കുഞ്ഞുമുഹമ്മദ്, എം.സി.അബു എന്നിവർ വിഷയം നോർക്കയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
100 ഓളം പേർ നാട്ടിലേക്കുള്ള വിമാനം കാത്ത് കഴിയുകയാണ്.
എമിഗ്രെഷനും, വിദേശ വ്യോമയാന വകുപ്പുകളും കേന്ദ്രത്തിന്റെ പൂർണ്ണമായ അധികാരത്തിലായതിനാൽ തന്നെ കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഈ വിഷയത്തിൽ അനിവാര്യമാണ്. 7 മാസം വരെ ഗർഭിണികളായവരും, ഡയാലിസിസ്ചെയ്യേണ്ടവരും, ജോലി നഷ്ടപ്പെട്ട് വിസയും മെഡിക്കൽ ഇൻഷുറൻസും തീർന്നവരും ഈ പ്രവാസികളിലുണ്ട്.
വാർത്താസമ്മേളനത്തിൽ കേരള പ്രവാസി സംഘം വയനാട് ജില്ലാ പ്രസിഡണ്ട് കെ.ടി.അലി, രക്ഷാധികാരി മുഹമ്മദ് സുനിത്ത്, ജോയിന്റ് സെക്രട്ടറി സരുൺ മാണി എന്നിവർ പങ്കെടുത്തു.