പയ്യോളി: ശാരീരിക വെല്ലുവിളികൾക്കിടയിലും വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനായി മാറിയ പുതുപ്പണം ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഗവ. സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനായ കെ.എം.ഷറഫുദ്ദീൻ മാഷുടെ വിയോഗം നാടിനും സ്കൂളിനും തീരാവേദനയായി. അകകണ്ണിന്റെ വെളിച്ചത്തിൽ അദ്ധ്യാപന രീതിയിലൂടെ വിദ്യാർത്ഥികളുടെ മനം കവർന്ന ഷറഫുദ്ദീൻ മാഷ് കുട്ടികളുടെ ഏതു പ്രശ്നത്തിലും പരിഹാരവുമായി അവർക്കൊപ്പം ഉണ്ടായിരുന്നു. പയ്യോളി ഗ്രാമപഞ്ചായത്ത് 22ാം വാർഡ് വികസന സമിതി 2013ൽ മാതൃകാ അദ്ധ്യാപകനായി തിരഞ്ഞെടുത്തത് ഷറഫുദ്ദീൻ മാഷിനെയായിരുന്നു . അന്ധത മാഷിന് ഒന്നിനും തടസ്സമായിരുന്നില്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മികച്ച പാഠ്യ രീതികളുമായി മാഷ് കുട്ടികൾക്ക് ഇടയിലെത്തി. സ്കൂളിലെത്തുന്ന നാട്ടുകാരും ആദ്യം അന്വേഷിക്കുക ഷറഫുദ്ദീൻ മാഷിനെയാണ്. കെട്ടിടോദ്ഘാടനത്തിന് വന്ന വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് സംസാരിക്കാനായി വിളിച്ചതും മാഷിന്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്രമന്ത്രിയായിരിക്കെ മുല്ലപ്പള്ളി രാമചന്ദ്രൻ റോഡ് ടാറിംഗിന് ഉത്തരവിറക്കിയതും നാട്ടുകാർ ഓർക്കുന്നു. 15 വർഷം പഠിപ്പിച്ച പുണ്യ എന്ന വിദ്യാർത്ഥി കൊവിഡിൽ ബംഗളൂരുവിൽ കുടുങ്ങിയപ്പോൾ നാട്ടിലെത്തിക്കാൻ അവിടെ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ച ഏർപ്പാട് ചെയ്തത് കണ്ണിരോടെയാണ് വിദ്യാർഥികൾ ഓർക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന മകൻ സിനദിൻ സിദാന്റെ കൈപിടിച്ച് സ്കൂളിലെത്തുന്ന മാഷിന്റെ ചിത്രം വിങ്ങലോടെ മാത്രമേ ആർക്കും ഓർക്കാൻ കഴിയൂ.