വടകര: പത്രത്താളുകളിൽ നിന്ന് സ്വപ്നക്കൂടൊരുക്കിയിരിക്കുകയാണ് റിഫ. വാടകവീട്ടിൽ കഴിയുന്ന റിഫയുടെ വലിയ സ്വപ്നമാണ് സ്വന്തം വീട്. മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഒഞ്ചിയത്തെ റിഫ ഫാത്തിമ തന്റെ മനസിലെ വീടെന്ന സ്വപ്നം പത്രത്താളുകളിൽ പകർത്തുകയായിരുന്നു.
അടച്ചിടലിന്റെ ഒഴിവിനിടയിൽ പാഴ്കുപ്പികളിൽ അലങ്കാരപ്പണികൾ തീർത്തിട്ടുണ്ടെങ്കിലും കടലാസ് വീട് ഏറെ ശ്രമത്തിൽ പൂർത്തിയാക്കുകയായിരുന്നു. പത്രത്താളുകൾ സ്ട്രോ രൂപത്തിലാക്കിയാണ് വീട് നിർമ്മാണം.
കടലാസ് മെടഞ്ഞ് നിറങ്ങൾ നൽകി, കുപ്പികൾക്ക് പുറാവരണം നൽകുന്നതാണ് മറ്റൊരു വിനോദം. ധാന്യങ്ങൾക്ക് നിറം പകർന്ന് കുപ്പികളിൽ പതിക്കുന്നതിനു പുറമെ ക്രിസ്റ്റൽ കുപ്പികളിലെ വർണച്ചാർത്തും കടലാസ് പൂക്കളൊരുക്കലുമെല്ലാം റിഫയുടെ കരവിരുതിൽ പെടുന്നുണ്ട്.
അംഗണവാടിയിൽ പഠിക്കുമ്പോൾ തന്നെ ചിത്രരചനയിൽ മിടുക്കിയായിരുന്നെങ്കിലും പിന്നീട് പരിപോഷിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ കൊവിഡ് ലോക്ക് ഡൗൺ റിഫയെ വീണ്ടും വർണങ്ങളുടെ ലോകത്ത് മടക്കിയെത്തിച്ചു. അബ്ദുൾ കരീം - റുബീന ദമ്പതികളുടെ മകളാണ് റിഫ ഫാത്തിമ. സഹോദരൻ റുഫ്‌നാസ് പ്ലസ് ടു വിദ്യാർത്ഥിയാണ്.