പുൽപള്ളി: അനധികൃതമായി പാടിച്ചിറ മൃഗാശുപത്രിയിൽ കയറി ഫയലുകൾ പരിശോധിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കോൺഗ്രസ് ജനപ്രതിനിധികൾക്കെതിരേ നടപടി വേണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. മൃഗാശുപത്രിയിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി കർഷകരെ ബുദ്ധിമുട്ടിലാക്കിയ കോൺഗ്രസ് ജനപ്രതിനിധികളെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ തടഞ്ഞുവെച്ചു. പൊലീസ് എത്തിയാണ് ജനപ്രതിനിധികളെ പുറത്തെത്തിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വെറ്റിനറി സർജൻ ഡോ. ലക്ഷ്മി അരവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറെ വഴിയിൽ തടഞ്ഞുവെച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരേ നടപടി വേണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. ജോബി കരോട്ടുകുന്നേൽ, സി.പി. വിൻസെന്റ്, ജോബിൻ ചങ്ങംചേരി, കെ.കെ. ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.