രാമനാട്ടുകര: പാറമ്മൽ റോഡിലെ ചെട്ടിയാർ കോമ്പൗണ്ടിലെ റെക്‌സിൻ ഗോഡൗണിലുണ്ടായ തീ പിടിത്തത്തിൽ 40 ലക്ഷം രൂപയുടെ നഷ്ടം. ഇന്നലെ രാവിലെ ആറിനാണ് സി.കെ. സന്ദീപിന്റെ സി.കെ.എസ് റെക്‌സിൻ ആൻഡ് ഫർണിഷിംഗിന്റെ ഗോഡൗണിൽ തീപിടിത്തമുണ്ടായത്. സമീപത്തെ വാടക വീട്ടിലെ തമിഴ്നാട്ടുകാരായ ദമ്പതികളാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്.
അപ്ഹോൾസ്റ്ററി വർക്കുകൾക്കുപയോഗിക്കുന്ന റെക്സിൻ, ഫോം, പശ എന്നിവയാണ് കത്തിനശിച്ചത്.
ലോക്ക് ഡൗണിൽ വില്പന കുറഞ്ഞതിനാൽ സാധനങ്ങളുടെ വൻ ശേഖരം ഇവിടെയുണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മീഞ്ചന്തയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പി.വി. വിശ്വാസിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഫയർ യൂണിറ്റുകൾ രണ്ടു മണിക്കൂർ പ്രവർത്തിച്ചാണ് തീ നിയന്ത്രിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ. ബിജു, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഇ. ഷിഹാബുദ്ദീൻ, സി. ദിനേശ്‌കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
രാമ സരോവരത്തിൽ രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. സി.ഡി.എ കോ-ഓർഡിനേറ്റർ ശരത്തിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് വോളന്റിയർമാരും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഫറോക്ക് പൊലീസും സ്ഥലത്തെത്തി.