ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ ചക്കിട്ടപ്പാറയിലെ കർഷകർ ഭീതിയിലാണ്. ഏത് നിമിഷവും തങ്ങളുടെ കൃഷികൾ മുഴുവൻ വന്യമൃഗങ്ങൾ നശിപ്പിക്കാം. ചെമ്പനോട്, മുതുകാട്, ആലപ്പാറ, ചെങ്കോട്ടക്കൊല്ലി മേഖലകളിലാണ് രൂക്ഷം.
മുൻകാലങ്ങളിലും ഇവിടെ വന്യമൃഗശല്യം ഉണ്ടാകാറുണ്ട്. കർഷകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് വനംവകുപ്പ് വനാതിർത്തിയിൽ സോളാർ വേലിയും കിടങ്ങുകളും കുഴിച്ചതോടെ വന്യമൃഗ ശല്യം കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സോളാർ വേലികൾ തകർത്തും കിടങ്ങുകൾ ചാടിക്കടന്നുമാണ് കാട്ടാനക്കൂട്ടങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് . തുടർന്ന് കൃഷിയിടങ്ങളിൽ ഇവയുടെ വിളയാട്ടമാണ്. തെങ്ങ്, കവുങ്ങ്, റബർ, കപ്പ, ചേന , മഞ്ഞൾ എന്നിവയെല്ലാം നശിപ്പിക്കും. തങ്ങൾ കഠിനാദ്ധ്വാനം കൊണ്ടുണ്ടാക്കിയ വിളകളെല്ലാം ഏതാനും മണിക്കൂറുകൾക്കകം നശിപ്പിച്ച് കഴിഞ്ഞിരിക്കും. ആദ്യ ദിവസങ്ങളിൽ പതറിപ്പോയ കർഷകർ ഇപ്പോൾ രണ്ടും കല്പിച്ച് വന്യമൃഗങ്ങളെ നേരിടുകയാണ്. പൂർവികർ അവലംബിച്ചിരുന്ന പരമ്പരാഗത മാർഗങ്ങളിലൂടെയാണ് അവർ കാട്ടാനകളെ തുരത്തുന്നത്. തീപ്പന്തങ്ങൾ കാട്ടിയും പടക്കങ്ങൾ പൊട്ടിച്ചുമാണ് ഇവയെ ഓടിക്കുന്നത്. കൃഷി നാശത്തിന് പുറമെ മറ്റ് പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇരുട്ടായാൽ അടിയന്തര ഘട്ടത്തിൽ വൈദ്യസഹായം ലഭ്യമാക്കാൻ ഇവിടെ വാഹനങ്ങൾ പോലും ലഭിക്കുന്നില്ല.
കാട്ടാനയ്ക്ക് പുറമെ ഒരാഴ്ച മുമ്പ് പുലിയുടെ ശല്യവും ഉണ്ടായി . മൂന്ന് ആടുകളെയാണ് ഇവ ആക്രമിച്ചത്. വനംവകുപ്പ് പുലിയെ പിടിക്കാൻ കൂട് ഒരുക്കിയിട്ടുണ്ടെങ്കിലും ഇതുവരെ പുലി കെണിയിൽ വീണിട്ടില്ല.
കർഷകർക്ക് ഇടക്കാല ആശ്വാസം നൽകുന്ന കപ്പയും ചേനയും പച്ചക്കറി കൃഷിയുമെല്ലാം നശിപ്പിക്കുന്നത് കാട്ടുപന്നിയാണ് . ഇവയുടെ ശല്യം കൂടുതൽ കൂടുതൽ ശക്തിയാർജിക്കുമ്പോഴും കർഷകർക്ക് നിസഹായരായി നോക്കി നിൽക്കാനേ സാധിക്കുന്നുള്ളൂ. നിയമങ്ങളെല്ലാം കർഷകർക്ക് എതിരാണ്.
കുരങ്ങന്മാർ കൂട്ടത്തോടെ എത്തിയാൽ തെങ്ങുകളിൽ ഒരു കരിക്കും ബാക്കിയുണ്ടാവില്ല. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവയെല്ലാം പറിച്ചെടുത്തിട്ടുണ്ടായിരിക്കും.
കർശന വനപാലക നിയമം കാരണം വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചതോ കാട്ടിൽ തീറ്റവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോ ആവാം വന്യമൃഗശല്യം വർദ്ധിക്കാൻ കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രണ്ട് കാരണം കൊണ്ടായാലും ഇവയുടെ ശല്യം ആവർത്തിക്കപ്പെടാനാണ് സാദ്ധ്യത.
കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ഈ പ്രശ്നം ഉൾപ്പെടെയുള്ളവ ചർച്ച ചെയ്യാൻ പഞ്ചായത്തുതല സർവകക്ഷി യോഗം വിളിച്ച് ചേർത്തിരുന്നു. മുഴുവൻ പ്രതിനിധികളും യോഗത്തിൽ തങ്ങളുടെ ഉത്കണ്ഠ രേഖപ്പെടുത്തിയതിനൊപ്പം കർഷകരുടെ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സ്ഥലം എം.എൽ.എ കൂടിയായ തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണനെ നേരിൽക്കണ്ട് നേതാക്കൾ പ്രശ്നം ഉന്നയിച്ചു. സർക്കാറിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന് പുറമേ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാമെന്നും അദ്ദേഹം അറിയിച്ചു.