മുക്കം: കൊവിഡ് പ്രതിരോധ നടപടികൾക്കിടെ സമരവുമായി തോട്ടം തൊഴിലാളികൾ. നാനൂറിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന തിരുവമ്പാടി എസ്റ്റേറ്റിൽ സമരമാരംഭിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. പാതി ശമ്പളം നൽകാത്തതിലും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ചാണ് സമരവുമായി തൊഴിലാളികൾ രംഗത്തെത്തിയത്. മേയ് മാസ ശമ്പളത്തിൽ പകുതി ജൂൺ 8ന് നൽകുകയും ബാക്കി 10 ദിവസത്തിനകം നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ 9ന് തന്നെ ബാക്കി ശമ്പളമാവശ്യപ്പെട്ട് തൊഴിലാളികൾ സമരമാരംഭിക്കുകയായിരുന്നു. ലേബർ ഓഫീസ് ഇടപെട്ട് നടത്തിയ അനുരഞ്ജനത്തിൽ 19ന് ശമ്പളം നൽകാൻ ധാരണയായെങ്കിലും തൊഴിലാളികൾ വിസമ്മതിച്ചു. വീണ്ടും നടത്തിയ ചർച്ചയിൽ 17ന് ശമ്പളം നൽകാമെന്ന് മാനേജ്മന്റ് സമ്മതിച്ചെങ്കിലും മറ്റാവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലായിരുന്നു തൊഴിലാളികൾ. ഏപ്രിൽ, മെയ് മാസങ്ങളിൽ ഭാഗികമായാണ് എസ്റ്റേറ്റ് പ്രവർത്തിച്ചത്. ജൂൺ 9ന് സമരമാരംഭിച്ചതോടെ തൊഴിലാളികളുടെ ദുരിതം ഇരട്ടിച്ചു. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളാണ് സമരത്തിലെത്തിച്ചതെന്ന് കോഴിക്കോട് ജില്ലാ എസ്റ്റേറ്റ് മസ്ദൂർ സംഘം ( ബി.എം.എസ്) തിരുവമ്പാടി എസ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ പി.സുകുമാരൻ, ഇ.വി.ഗിരിഷ് എന്നിവർ പറഞ്ഞു.