കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണൽ കമ്മിറ്റിയുടെ രണ്ട് ചാർട്ടേർഡ് വിമാനങ്ങൾ ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് 175 വീതം യാത്രക്കാരുമായി ഇന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും അറിയിച്ചു.
റാസൽഖൈമ, ദുബായ്, ഷാർജ, അബുദാബി എന്നീ എയർപോർട്ടുകളിൽ നിന്ന് 17 വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതിന് നടപടികൾ പൂർത്തിയായതായും ജൂൺ 25ന് മുമ്പായി പുറപ്പെടുന്ന 5 വിമാനങ്ങളുടെ യാത്ര ഷെഡ്യൂളുകൾ തയ്യാറായെന്നും എസ്.കെ. എസ്.എസ്.എഫ് യു.എ.ഇ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശുഐബ് തങ്ങൾ, ലീഗൽ ആൻഡ് ട്രാവൽ വിഭാഗം ചെയർമാൻ ഷിഹാസ് സുൽത്താൻ, കൺവീനർ റസാഖ് വളാഞ്ചേരി എന്നിവർ അറിയിച്ചു.
യു.എ.ഇയിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യഘട്ടം മുതൽ പ്രവാസികളെ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ് വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നുണ്ട്. സംഘടനയുടെ ഹെൽപ്പ് ലൈനിന് കീഴിൽ ലീഗൽ ആൻഡ് ട്രാവൽ, വിദ്യാഭ്യാസം, സഹചാരി റിലീഫ് സെൽ, മെഡിക്കൽ, കൗൺസിലിംഗ്, വിഖായ സന്നദ്ധ സംഘം തുടങ്ങി വ്യത്യസ്ത ഉപവിഭാഗങ്ങളിലൂടെയാണ് ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കൊവിഡ് ബാധിതർക്കായി ദുബായ് അൽവർസാനിൽ സർക്കാർ ഒരുക്കിയ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാനും ക്വാറന്റൈൻ സംവിധാനങ്ങൾ ഒരുക്കാനും ദുബായ് വിഖായ പ്രവർത്തങ്ങൾ നടത്തിയിരുന്നു.
ജോലി നഷ്ടപ്പെട്ട് റൂമുകളിൽ കഴിയുന്നവർക്ക് പല ഘട്ടങ്ങളിലായി ഭക്ഷണവും അവശ്യസാധനങ്ങളും എത്തിച്ചു നൽകി.