കോഴിക്കോട്: കേസെടുത്തതിന്റെ പേരിൽ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണവിധേയനായ പൊലീസ് ഇൻസ്‌പെക്ടർ പറയാനുള്ള കാര്യങ്ങൾ എഴുതി സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച വകുപ്പുതല നടപടിയുടെ അന്തിമറിപ്പോർട്ട് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി 30 ദിവസത്തിനകം ഹാജരാക്കാനും കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
നാദാപുരം സ്വദേശി രാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 2019 ആഗസ്റ്റിലാണ് രാജന്റെ മകൻ രാഹുൽ ആത്മഹത്യ ചെയ്തത്. തുടർന്ന് മരണത്തിന് കാരണക്കാരനായ നാദാപുരം എസ്.ഐ ജോഷി ജോസിനെതിരെ നടപടി വേണമെന്നു ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചതായിരുന്നു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്നു കമ്മിഷൻ റിപ്പോർട്ട് വാങ്ങിയതാണ്. നാദാപുരം പൊലീസ് സ്റ്റേഷനിലെ കേസിൽ രാഹുൽ നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ടു. അന്വേഷണ ചുമതലയുള്ള ജോഷി ജോസ് ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും കാണിച്ചതായി കണ്ടെത്തി. തുടർന്ന് വകുപ്പുതല അന്വേഷണം തുടങ്ങുകയായിരുന്നു.