വടകര: കൊവിഡ് വ്യാപന ഭീതിയിൽ ജില്ലാ അതിർത്തിയായ അഴിയൂർ പഞ്ചായത്തിലെ മോന്താൽ പാലം അടഞ്ഞിട്ട് രണ്ടര മാസമായി. കോഴിക്കോട് ജില്ലയുടെ പ്രവേശന ഭാഗം തുറന്നെങ്കിലും കണ്ണൂർ ജില്ലയിൽ നിന്ന് പ്രവേശിക്കുന്ന ഭാഗം അടഞ്ഞു കിടപ്പാണ്. ജില്ലാ അതിർത്തികൾ മിക്കതും തുറന്നിട്ടും പാലം അടച്ചിട്ടതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. തലശ്ശേരി, കോടിയേരി എം.സി.സി, പരിയാരം മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിലേക്കും കണ്ണൂർ വിമാനത്താവളം വഴി വരുന്നവർക്കും വലിയ യാത്രാ പ്രശ്നമാണ് അടച്ചിടൽ മൂലം ഉണ്ടാവുന്നത്. ഇതുവഴിയുള്ള ബസ് സർവീസും മുടങ്ങി. ഇരുചക്രവാഹനങ്ങൾക്ക് പോലും യാത്ര അനുവദിക്കാത്തതിനാൽ ദിവസവും ജോലിക്ക് പോകുന്നവർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. മന്ത്രിമാരുൾപ്പടെ ഉന്നതർക്ക് പാലം തുറന്നു കൊടുക്കുന്നതിൽ നാട്ടുകാരിൽ പ്രതിഷേധമുണ്ട്. നിയന്ത്രണങ്ങളോടെ പാലം തുറക്കാൻ നടപടിയുണ്ടാകണമെന്ന് കെ.മുരളീധരൻ എം.പിയും താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാലയും ആവശ്യപ്പെട്ടു.