കോഴിക്കോട്: പെരുവയൽ ഗ്രാമ പഞ്ചായത്തിലെ ഭൂദാനം കോളനി നവീകരണം തുടങ്ങി. പി.ടി.എ റഹീം എം.എൽ.എ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. അരലക്ഷത്തോളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കോളനികൾക്കുള്ള അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് നവീകരണം. ജില്ലാ നിർമ്മിതി കേന്ദ്രയ്ക്കാണ് നിർമ്മാണ ചുമതല. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വല്ലക്കണ്ടി, പുളിക്കുഴി, എ.കെ.ജി, മാവൂർ ഗ്രാമപഞ്ചായത്തിലെ അടുവാട്, കോട്ടക്കുന്ന്, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആമ്പ്രമ്മൽ, പെരുവയൽ ഗാമപഞ്ചായത്തിലെ ഭൂദാനം, കള്ളാടിച്ചോല എന്നീ കോളനികളെയാണ് ഉൾപ്പെടുത്തിയത്. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. നസീബ റായി, കെ. കൃഷ്ണൻകുട്ടി, സി.എം ഷീന, എം.കെ ഷാജു, നിർമ്മിതി കേന്ദ്ര അസി. എൻജിനിയർ പി. ശരത് എന്നിവർ സംസാരിച്ചു. ജില്ലാ നിർമ്മിതി കേന്ദ്ര മാനേജർ കെ. മനോജ് സ്വാഗതവും എസ്.സി പ്രമോട്ടർ കെ.എം സിന്ധു നന്ദിയും പറഞ്ഞു.