കൽപ്പറ്റ: ജില്ലയിൽ രണ്ട് പേർക്ക് കൂടി രോഗമുക്തി. ദുബൈയിൽ നിന്നെത്തിയ പനമരം സ്വദേശിയായ 25 കാരനും ചെന്നൈയിൽ നിന്നെത്തിയ പുൽപ്പള്ളി സ്വദേശിയായ 40 കാരനുമാണ് വ്യാഴാഴ്ച്ച രോഗമുക്തരായത്. ഇരുവരും ജില്ലാ ആശുപത്രിയിലായിരുന്നു ചികിൽസയിൽ കഴിഞ്ഞത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വ്യാഴാഴ്ച 212 ആളുകളെ കൂടി നിരീക്ഷണത്തിലാക്കി. നിലവിൽ ആകെ 3420 പേരാണ് നിരീക്ഷണത്തിലുളളത്. 28 പേർ ജില്ലാ ആശുപത്രിയിലും 7 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും 1525 പേർ കോവിഡ് കെയർ സെന്ററിലുമാണുളളത്. അതേസമയം 412 പേർ ഇന്നലെ നിരീക്ഷണകാലം പൂർത്തിയാക്കി.
ജില്ലയിൽ നിന്ന് വ്യാഴാഴ്ച പുതുതായി 23 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 2658 സാമ്പിളുകളാണ് ഇതുവരെ ജില്ലയിൽ നിന്നും പരിശോധനയ്ക്ക് അയച്ചത്. 2321 ആളുകളുടെ ഫലം ലഭിച്ചു. 332 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജില്ലയിൽ നിന്ന് ആകെ 3718 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 3098 ൽ 3081 നെഗറ്റീവും 17 പൊസിറ്റീവുമാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നിരീക്ഷണത്തിൽ കഴിയുന്ന 229 പേർക്ക് കൗൺസലിംഗ് നൽകി.