പുൽപ്പള്ളി: പുൽപ്പള്ളി കതവക്കുന്നിൽ യുവാവിനെ കൊന്ന് ഭക്ഷിച്ച കടുവയെ പിടികൂടാൻ വനംവകുപ്പ് നടപടി ആരംഭിച്ചു. കടുവയുടെ സാന്നിദ്ധ്യമറിയാനായി വനത്തിലെ വിവിധ മേഖലകളിൽ എട്ടോളം ക്യാമറകൾ സ്ഥാപിച്ചു. കടുവയെ പിടികൂടാൻ വനത്തിൽ കൂട് സ്ഥാപിക്കും. കൂട് സ്ഥാപിക്കാൻ അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ കൂട് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്.

നടഭോജി കടുവയ്ക്കായി വനത്തിൽ തെരച്ചിൽ നടത്തുന്നുണ്ട്. കടുവ ഈ മേഖലയിൽ തന്നെ ഉണ്ടെന്നാണ് വനവകുപ്പ് അധികൃതർ പറയുന്നത്. മരിച്ച ശിവകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. രാത്രി 9 മണിയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു. പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. കൂടുതൽ വനപാലകരെ എത്തിച്ച് കടുവയെ മയക്കുവെടി വച്ച് പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം.