കൂത്താട്ടുകുളത്ത് നിന്നു 1952-ൽ വയനാട്ടിലെ മുള്ളൻകൊല്ലിയിലേക്ക് കുടുംബം കുടിയേറുമ്പോൾ കുഞ്ഞു റോസക്കുട്ടിയ്ക്ക് ഒന്നര വയസ് മാത്രം. പുതിയ നാട്ടിൽ സ്കൂളിൽ പോയിത്തുടങ്ങിയപ്പോഴേക്കു തന്നെ ആ കുരുന്നു മനസ്സിൽ ഒരു സ്വപ്നം നിറഞ്ഞിരുന്നു. എനിക്ക് ടീച്ചറാവണം; അതായിരുന്നു ആ സ്വപ്നം. വലിയ കുട്ടിയായപ്പോഴേക്കും ആ സ്വപ്നത്തിന് കൂടുതൽ നിറംവെച്ചു; അറിവിന്റെ ലോകം തുറക്കുന്ന മാതൃകാ അദ്ധ്യാപികയാവണം. നിശ്ചയദാർഢ്യത്തിൽ ആ സ്വപ്നം യാഥാർത്ഥ്യമായി. എന്നാൽ, കാലം കാത്തുവെച്ചത് അതിലുമുപരിയായിരുന്നു. കെ.സി റോസക്കുട്ടി ടീച്ചർ രാഷ്ട്രീയത്തിൽ മുൻനിര നായികമാരിലൊരാളായി ... സംസ്ഥാനത്ത് കോൺഗ്രസ്സിന്റെ പെൺകരുത്തായി മാറി... വയനാടിനാകെ ടീച്ചറാണ് അവർ.
മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്.എസിലെ പ്രഥമ പ്രധാനാധ്യാപികയായി തുടർന്ന കെ.സി.റോസക്കുട്ടി മഹിള കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായാണ് നേതൃതലത്തിലേക്ക് ഉയർന്നത്. 1996 ൽ ടീച്ചർ കെ.പി.സി.സി എക്സിക്യൂട്ടിവ് മെമ്പറായി. 2001 മുതൽ 2012 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചു. ഈ കാലയളവിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. വൈകാതെ നിയമസഭയിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധിയായി. പിന്നീട് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പദവിയിലുമെത്തി. കമ്മിഷൻ സ്വതന്ത്രമാകണമെന്നതിനാൽ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചാണ് പ്രവർത്തിച്ചത്. ഇപ്പോൾ കെ.പി.സി.സി. വൈസ് പ്രസിഡന്റാണ്.
വയനാട്ടിൽ സാധാരണക്കാർക്കായി ഒരു കോളേജ് യാഥാർത്ഥ്യമാക്കാൻ നിരന്തരം പൊരുതിയ റോസക്കുട്ടി മുള്ളൻകൊല്ലിക്കാർക്ക് എന്നും ടീച്ചറമ്മയാണ്... അങ്ങനെ വിളിക്കുന്നത് കേൾക്കാനാണ് തനിക്കും ഇഷ്ടമെന്ന് ടീച്ചർ പറയുന്നു.
ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 1987 ൽ സ്ത്രീകളുടെ നിയമപരമായ അവകാശങ്ങൾ,സ്വത്തവകാശം, രാഷ്ട്രീയ അവകാശങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്താൻ അവസരം ലഭിച്ചപ്പോൾ ആ പ്രസംഗപാടവം ദേശീയശ്രദ്ധയിലുമെത്തി. സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ അത്രയേറെ സാന്നിദ്ധ്യമില്ലാതിരുന്ന ആ കാലഘട്ടത്തിൽ സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കണ്ടേതിന്റെ ആവശ്യകതയിലേക്ക് അവർ യുക്തിയോടെ വാദമുയർത്തി. ആ പ്രസംഗം രാജീവ് ഗാന്ധിയുടെ പോലും പ്രശംസ പിടിച്ചുപറ്റി.
അദ്ധ്യാപന ജീവിതം
പുല്പളളി വിജയാ സ്കൂളിൽ നിന്നു യു.പി വിദ്യാഭ്യാസം കഴിഞ്ഞ ശേഷം റോസക്കുട്ടിയുടെ ഹൈസ്കൂൾ പഠനം കോഴിക്കോട് പ്രോവിഡൻസ് സ്കൂളിലായിരുന്നു. 1966 ലാണ് കോഴിക്കോട്ടെത്തിയത്. അന്നത്തെ ഇംഗ്ളീഷ് പഠനം പീന്നിടുള്ള ജീവിതത്തിൽ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് ടീച്ചർ പറയുന്നു. കണ്ണൂരിലെ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ നിന്ന് ബി.എസ്.സി കെമിസ്ട്രി പൂർത്തിയാക്കിയ ശേഷം കോട്ടയം മൗണ്ട് കാർമൽ കോളേജിൽ നിന്ന് ബി.എഡും കഴിഞ്ഞു. 1973 ൽ തൊട്ടുപിന്നാലെ തന്നെ പുൽപ്പളളി വിജയാ ഹൈസ്കൂളിൽ അദ്ധ്യാപികയായി. കുറഞ്ഞ സമയം കൊണ്ടു തന്നെ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറായി മാറി. പിന്നീട് മൂന്ന് വർഷം മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്.എസ്.എസിൽ. തുടർന്ന് 1976ൽ അവിടെ പ്രധാനാദ്ധ്യാപികയായി. 1990-91-ൽ സുൽത്താൻ ബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു.
നിയമസഭാംഗങ്ങൾക്ക് നിയമത്തെക്കുറിച്ച് വ്യക്തമായ ബോധം ഉണ്ടായിരിക്കണമെന്നതുകൊണ്ടുതന്നെ നിയമ ബിരുദം നേടാൻ ഉറച്ചു. അങ്ങനെ കർണാടകയിലെ മാണ്ഡ്യ എച്ച്.എം.എം ലോ കോളേജിൽ നിന്ന് എൽ.എൽ.ബി ബിരുദവും നേടി.
രാഷ്ട്രീയത്തിലേക്ക്
വയനാട്ടിൽ ആ കാലത്ത് ഒരൊറ്റ കോളേജേ ഉണ്ടായിരുന്നുള്ളു. പുതുതായി ഒരു കോളേജ് എന്ന ആശയം ഉദിക്കുന്നത് അങ്ങനെയാണ്. തുടർന്ന് അന്നത്തെ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും മുള്ളൻകൊല്ലിയിൽ അയൽക്കാരനുമായിരുന്ന ടി.യു. ജേക്കബിനോട് ഈ വിഷയം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ പഴശ്ശിരാജ എഡ്യുക്കേഷണൽ സൊസൈറ്റി രൂപീകൃതമായി. പുൽപ്പള്ളി ദേവസ്വം മാനേജർ നൽകിയ ഭൂമിയിൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കവെ ഭൂമിയുടെ അവകാശം സംബന്ധിച്ച് തർക്കമുണ്ടായി. തുടർന്നുണ്ടായ സമരം പൊലീസ് ലാത്തിച്ചാർജിലും വെടിവെയ്പ്പിലും കലാശിച്ചു. മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കോളേജിന് വേണ്ടി നടത്തിയ ഈ സമരത്തിൽ ടീച്ചർക്ക് ഏറെ പീഡനമേൽക്കേണ്ടി വന്നു. ഈ സമരമാണ് ടീച്ചറെ രാഷ്ട്രീയത്തിൽ മുൻനിരയിലേക്ക് എത്തിച്ചത്.
1984-ൽ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പുൽപ്പള്ളി മേഖലയിൽ കോൺഗ്രസിന് വലിയ ക്ഷീണം സംഭവിച്ചേക്കാമെന്നു കരുതി പ്രൊഫ.കെ.പി.തോമസും കെ.രാഘവൻ മാസ്റ്റർ എം.എൽ.എയും ടീച്ചറെ കാണാനെത്തുകയായിരുന്നു. കോൺഗ്രസിനെ സഹായിക്കാൻ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങണമെന്ന് അവർ ആവശ്യപ്പെട്ടു. ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗിക്കാനുള്ള ടീച്ചറുടെ കഴിവ് രാഷ്ട്രീയവേദികളിൽ ഏറെ ശോഭിക്കാൻ തുണച്ചു. ചുള്ളിയോട് നടത്തിയ അന്നത്തെ പ്രസംഗം ഇന്നും ആളുകളുടെ മനസ്സിൽ മങ്ങാതെയുണ്ട്.
ആദ്യ തിരഞ്ഞെടുപ്പ്
കുരിശ്ശിങ്കൽ ചാക്കോ എന്ന് പറഞ്ഞാൽ പുല്പളളി മേഖലയിൽ ഏവർക്കും പ്രിയപ്പെട്ടവൻ. അതുകൊണ്ട് തന്നെ ആദ്യ തിരഞ്ഞെടുപ്പിൽ അച്ഛന്റെ പേര് പറഞ്ഞാണ് വോട്ടുപിടിച്ചത്. ആദ്യകാലങ്ങളിൽ കുടിയേറ്റക്കാരെ ഏറെ സഹായിച്ച അച്ഛനെ അറിയാത്തവർ മുള്ളൻകൊല്ലിയിൽ ഇല്ലെന്നുതന്നെ പറയാം. അത് തനിക്ക് ഒരു കരുത്തായിരുന്നെന്ന് ടീച്ചർ ഇന്നും ഒാർക്കുന്നു. 1990ൽ ആയിരുന്നു ആദ്യമത്സരം. വയനാട് ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ പനമരം ഡിവിഷിനിലെ സ്ഥാനാർത്ഥിയായി. നിസ്സാര വോട്ടുകൾക്ക് തോൽവി പറ്റി. പീന്നിട് 1991 നിയമസഭാ തിഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചു. എം.എൽ.എ ആയ ശേഷം ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി. മീനങ്ങാടിയിൽ എഫ് സി ഐ ഗോഡൗൺ സ്ഥാപിച്ചതും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ സുൽത്താൻ ബത്തേരി താലുക്ക് ആശുപത്രിയാക്കി മാറ്റിയതും ശ്രദ്ധേയമായ നേട്ടങ്ങളായി.
ആശുപത്രി പണിയുന്നതിനു അന്നത്തെ വയനാട് ജില്ലാ കളക്ടർ ബിശ്വാസ് മേത്തയുമായി സംസാരിച്ചതിനു പിറകെ സുൽത്താൻ ബത്തേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവംഗതനായ പി.സി അഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ സർവ്വകക്ഷിയോഗം വിളിച്ച് ചേർത്ത് കൈവശക്കാരുടെ പക്കൽ നിന്ന് 5 ഏക്കർ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കുകയായിരുന്നു.
വയനാടിന്റെ മുഖച്ഛായ മാറ്റുന്നതിൽ അങ്ങനെ ടീച്ചർക്ക് കാര്യമായ പങ്ക് വഹിക്കാൻ കഴിഞ്ഞു. എൻ.എച്ച് റോഡിന്റെ വരവും അതിനിടെയാണ്.
കുടുംബം
മുള്ളൻകൊല്ലി കുരിശിങ്കൽ ചാക്കോ - ഏലിയാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമതായാണ് റോസക്കുട്ടിയുടെ ജനനം. ഭർത്താവ് ഹോമിയോ ഡോക്ടർ ജോസഫ് കീരഞ്ചിറ. മൂത്ത മകൻ അലൻ വിന്റോൾ സോഫ്റ്റ്വെയർ എൻജിനിയറാണ്. കാക്കനാട് സ്റ്രാർട്ട് അപ്പ് കമ്പനി നടത്തുകയാണ് ഇപ്പോൾ. അദ്ദേഹത്തിന്റെ ഭാര്യ ഡോ.റോസ് മേരി ഗൈനക്കോളിജിസ്റ്റാണ്. രണ്ടാമത്തെ മകൻ അൽവിൻ കെന്റ് സിംഗപ്പൂരിൽ ജോലിയിൽ. അദ്ദേഹത്തിന്റെ ഭാര്യ റിയാ ജോർജ്ജ് പി.ജി വിദ്യാർത്ഥിനിയാണ്. ഫിനാൻസ് അനലിസ്റ്റാണ് ഇളയ മകൻ ജോൺ.
ഫോട്ടോ: കെ. ആർ. രമിത്