സുൽത്താൻ ബത്തേരി: വടക്കനാട് കാട്ടാന ശല്യം വീണ്ടും രൂക്ഷമായി. വടക്കനാട്, പണയമ്പം ഭാഗത്തെ നൂറുകണക്കിന് കർഷകരാണ് കാട്ടാനയുടെ ശല്യം കാരണം ദുരിതത്തിലായിരിക്കുന്നത്.
കഴിഞ്ഞദിവസം പണയമ്പം ഭാഗത്ത് ഇറങ്ങിയ കാട്ടാന കല്ല്യാടിക്കൽ ജിജോയുടെ നാനൂറിൽപ്പരം കുലച്ച നേന്ത്രവാഴകളും പുത്തൻപുരയിൽ ചന്ദ്രന്റെ നാല് ഏക്കർ നിലത്ത് നാട്ടി വെക്കുന്നതിനായി ഉണ്ടാക്കിയ ഞാറും നശിപ്പിച്ചു. സമീപത്തുള്ള നിരവധി കർഷകരുടെ തെങ്ങ്,കമുക് എന്നിവയും ആനയുടെ പരാക്റമത്തിൽ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ട്മാണ് കർഷകർക്ക് ഉണ്ടായത്.
പാട്ടത്തിനെടുത്ത ഭൂമിയിൽ വായ്പയെടുത്തും മറ്റുമാണ് കർഷകർ കൃഷിയിറക്കുന്നത്. ചന്ദ്രന്റെ നാല് ഏക്കർ നിലത്തേക്കുള്ള നെൽകൃഷിക്കായിട്ടാണ് അര ഏക്കർ സ്ഥത്ത് നെൽവിത്ത് മുളപ്പിച്ച് പാകിയത്.
ദിവസവും കാവലിരുന്നാണ് ഞാറ് വന്യമൃഗങ്ങൾ നശിപ്പിക്കാതെ കാത്തുസൂക്ഷിച്ചത്. പറിച്ച് നടാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഒറ്റരാത്രി കൊണ്ട് കാടിറങ്ങി വന്ന ആനകൂട്ടം തിന്നും ചവുട്ടിയും നശിപ്പിച്ചത്.
കാട്ടുമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയുന്നതിന് രണ്ടര ലക്ഷത്തോളം രൂപ മുടക്കി കൃഷിയിടത്തിന് ചുറ്റും ഫെൻസിംഗ് സ്ഥാപിച്ചങ്കിലും ഇത് തകർത്താണ് ആന കൃഷിയിടത്തിലിറങ്ങിയത്.
മഴ ശക്തമായതോടെ ഉൾ വനങ്ങളിൽ നിന്ന് ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങാൻ തുടങ്ങി. കൃഷിയിടത്തിനും ചുറ്റും കർഷകർ സ്വന്തം ചെലവിൽ സ്ഥാപിച്ച ഫെൻസിംഗിന് പുറമെ വനം വകുപ്പ് സ്ഥാപിച്ച ഫെൻസിംഗും കിടങ്ങും മറികടന്നാണ് കാട്ടാന കൃഷിയിടത്തിലെത്തുന്നത്.
ഫോട്ടോ
പറിച്ച് നടാറായ ഞാറ് കാട്ടാന നശിപ്പിച്ച നിലയിൽ