ബാലുശ്ശേരി: ദളിത് യുവാവിനെ മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്ത ബാലുശ്ശേരി സി.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാവിന്റെ മാതാപിതാക്കൾ രംഗത്ത്. ബാലുശ്ശേരി വയലിൽ ജിത്തു (26) വിനെയാണ് കഴിഞ്ഞ 15ന് ബാലുശ്ശേരി കൈരളി റോഡിൽ വെച്ച് മർദ്ദിച്ചത്. സി .ഐ സഞ്ചരിച്ച വാഹനം പിന്നോട്ട് എടുത്തപ്പോൾ പിന്നിൽ ബൈക്കിൽ ഉണ്ടായിരുന്ന ജിത്തു പൊലീസ് വാഹനത്തിൽ തട്ടി അപകട മുന്നറിയിപ്പ് നൽകിയതിനാണ് റോഡിലിട്ട് മർദ്ദിക്കുകയും ജാമ്യമില്ലാ വകുപ്പ് ചേർത്ത് ജയിലിലടയ്ക്കുകയും ചെയ്തതെന്ന് പിതാവ് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസിന് നൽകിയ പരാതിയിൽ പറയുന്നു. തലയ്ക്ക് മർദ്ദനമേറ്റതിനെ തുടർന്ന് ജിത്തുവിന് തലകറക്കവും ചർദ്ദിയും അനുഭവപ്പെട്ടതായും ചുണ്ടിൽ ആഴത്തിലുള്ള മുറിവുള്ളതായും പരാതിയിൽ പറയുന്നു. ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ ജിത്തുവിന്റെ പിതാവ് ഭാസ്ക്കരനോടും പൊലീസ് മോശമായി പെരുമാറിയതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ തയ്യാറായില്ല. സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഏറെ നേരം കഴിഞ്ഞാണ് ചികിത്സ ലഭിച്ചത്. ജിത്തുവിനെ മാനസിക രോഗിയാക്കാൻ എസ്.ഐ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. ഇന്നലെ പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജിത്തുവിന് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ജിത്തുവിന്റെ മാതാപിതാക്കളായ ഭാസ്ക്കരൻ, രമ, സഹോദരൻ വിപിൻ ലാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബഹുജൻ യൂത്ത് മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറിയായ ജിത്തുവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് മൂന്ന് മണിക്ക് ബഹുജൻ യൂത്ത് മൂവ്മെന്റ് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഖിൽജിത്ത് കല്ലറ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോബിഷ് ബാലുശ്ശേരിയും പങ്കെടുത്തു.