llll

കോഴിക്കോട്: നഗരസഭയുടെ നേതൃത്വത്തിൽ 'ഓരോ വീട്ടിലും ഒരു തുണിസഞ്ചി" പദ്ധതിയ്‌ക്ക് തുടക്കം. പ്ലാസ്റ്റിക് കാരിബാഗുകൾ നിരോധിച്ച സാഹചര്യത്തിലാണിത്. അടുത്ത ദിവസം മുതൽ സഗരസഭയിലെ 1,25,000 വീടുകളിൽ തുണി സഞ്ചി വിതരണം ചെയ്യും. കോർപറേഷൻ ഫ്രഷ് ബാഗ് കുടുംബശ്രീ യൂണിറ്റിലെ 700 വനിതകൾ ചേർന്നാണ് സഞ്ചി നിർമ്മിച്ചത്. ഇരുപത് രൂപയാണ് വില. ഇതിൽ 15 രൂപ സബ്‌സിഡിയാണ്. ഗുണഭോക്താവ് അഞ്ച് രൂപ അടച്ചാൽ മതി.
ഒരു തുണിസഞ്ചി തയ്‌ച്ച് പ്രിന്റ് ചെയ്യുന്നതിലൂടെ കുടുംബശ്രീയ്‌ക്ക് അഞ്ച് രൂപ ലഭിക്കും. 125000 സഞ്ചി തയ്‌ച്ച് വിതരണം ചെയ്യുന്നതിലൂടെ 6.25 ലക്ഷം രൂപയാണ് കുടുംബശ്രീയ്‌ക്ക് ലഭിക്കുന്നത്. നഗരത്തിലെ ഫ്രഷ്‌ ബാഗ് യൂണിറ്റിലൂടെ 1.5 ലക്ഷം മാസ്‌കാണ് കഴിഞ്ഞ മാസങ്ങളിൽ നിർമ്മിച്ച് വിതരണം ചെയ്തത്.

കോർപറേഷൻതല ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ എം.വി. ശ്രേയാംസ് കുമാറിന് തുണിസഞ്ചി കൈമാറി നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലളിതപ്രഭ, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കുടുംബശ്രീ പ്രോജക്ട് ഓഫീസർ ടി.കെ.പ്രകാശൻ എന്നിവർ പങ്കെടുത്തു.