കോഴിക്കോട്: ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിനിടയിൽ സംഘർഷം. ജില്ലാ പ്രസിഡന്റ് അഡ്വ. വി.ടി.നിഹാൽ, വൈസ് പ്രസിഡന്റുമാരായ പി.പി.റെമീസ്, ജെറിൽ ബോസ് ഉൾപ്പെടെ അഞ്ച് പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. 11 പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കുക, ദേവികയുടെ കുടുംബത്തോട് നീതി പുലർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. പ്രക്ഷോഭകർ ഡി.ഡി.ഇ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്നായിരുന്നു സംഘർഷം.
പ്രതിഷേധ മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ വികലമായ ഓൺലൈൻ പഠനപരിഷ്‌കാരത്തിന്റെ ഇരയാണ് വളാഞ്ചേരിയിൽ ജീവനൊടുക്കിയ ദേവികയെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മരണത്തിന്റെ വ്യാപാരിയാവുകയാണ്. പഠനം ആരംഭിച്ചിട്ടും പാഠപുസ്തകങ്ങൾ സ്‌കൂളുകളിൽ എത്തിച്ചിട്ടില്ല.

ജില്ലാ പ്രസിഡന്റ് അഡ്വ വി.ടി.നിഹാൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനീഷ്‌ലാൽ, ജില്ലാ സെക്രട്ടറി ശ്രീയേഷ് ചെലവൂർ, വി.ടി.സൂരജ്, പി.പി.റെമീസ്, ജെറിൽബോസ്, സുധിൻ സുരേഷ്, ഷാദി ഷാഹിദ്, ബിനീഷ് മുള്ളാശ്ശേരി,റിയാസ് അടിവാരം, സനൂജ് കുരുവട്ടൂർ, ധനീഷ് ഭാസ്‌കർ, ആകാശ് കീഴാനി, പി.എം.ഷഹബാസ് എന്നിവർ പങ്കെടുത്തു.