കോഴിക്കോട്: ലോക്ക് ഡൗൺ കാലം അനഘാ ദേവദാസ് സർഗ്ഗാത്മകമാക്കുന്നത് കുപ്പികൾ അലങ്കരിച്ചാണ്. പേപ്പർ, പെയിന്റുകൾ, മുത്തുകൾ, നൂലുകൾ, പഴയ പത്രങ്ങൾ എന്നിവ ഉപയോഗിച്ച് വലിച്ചെറിയുന്ന കുപ്പികൾ മനോഹരമാക്കുകയാണ് ഈ കൊച്ചുമിടുക്കി. കൗതുകത്തിന് തുടങ്ങിയതാണെങ്കിലും ആവശ്യക്കാർ ഏറിയതോടെ വില്പനയും തുടങ്ങി. കുപ്പികൾ മാത്രമല്ല പഴയ പത്രങ്ങൾ, പ്ലാസ്റ്റിക് കവറുകൾ ബോട്ടിലുകൾ എന്നിവയെല്ലാം അലങ്കാര വസ്തുക്കളാക്കി. ദേവദാസ് -ഷീജ ദമ്പതികളുടെ മകളായ അനഘ ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ്. പ്ളസ് ടു വിദ്യാർത്ഥി അഭിനവാണ് സഹോദരൻ. ഒാൺലൈൻ ക്ളാസുകൾ ആരംഭിച്ചതോടെ സമയം കിട്ടുന്നില്ലെന്നാണ് അനഘയുടെ പരിഭവം. ചെറുപ്പം മുതൽ ചിത്രരചനയിൽ സജീവമായിരുന്ന അനഘ ലോക്ക് ഡൗൺ കാലത്താണ് കുപ്പികളിൽ ചിത്രരചന പരീക്ഷിച്ചു തുടങ്ങിയത്.