pv-anvar

കോഴിക്കോട്: ചീങ്കണ്ണിപാലിയിലെ തടയണ പൊളിച്ചുമാറ്റണമെന്ന മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ച സാഹചര്യത്തിൽ പി.വി. അൻവർ എം.എൽ.എയ്ക്കെതിരെ കേസെടുക്കണമെന്ന് കേരള നദി സംരക്ഷണസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നിയമസഭാ പരിസ്ഥിതി സമിതിയിൽ നിന്ന് അൻവറിനെ ഒഴിവാക്കണം. എം.എൽ.എ സ്ഥാനം രാജിവെക്കാൻ പി.വി. അൻവർ തയാറാകണമെന്നും പ്രൊഫ. ടി. ശോഭീന്ദ്രൻ, അഡ്വ.പി.എ. പൗരൻ, സമിതി ജനറൽ സെക്രട്ടറി ടി.വി. രാജൻ എന്നിവർ ആവശ്യപ്പെട്ടു.
കക്കാടംപൊയിലിലെ വാട്ടർ തീം പാർക്ക് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ടി.വി. രാജൻ പറഞ്ഞു. സുബീഷ് ഇല്ലത്ത്, ശബരി മുണ്ടക്കൽ, എൻ. ശശികുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.