കോഴിക്കോട്: നമുക്ക് മുമ്പേ ജീവിച്ച മനുഷ്യർ ജീവിതം കൊണ്ട് നേടിയ അറിവുകളാണ് പുസ്തകങ്ങളെന്നും അത് നേടുകയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും എം.ടി. വാസുദേവൻ നായർ പറഞ്ഞു. അറിവിനോടൊപ്പം ആനന്ദവും നൽകാൻ കഴിയുന്ന പ്രവൃത്തി വായനയാണ്.
സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ നടത്തിയ ഓൺലൈൻ വായനാവാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കവിതയും നോവലും തത്വചിന്തയുമെല്ലാം അടങ്ങുന്ന പ്രപഞ്ചമാണ് വായനയുടേത്. അതെല്ലാം ഉപയോഗിക്കാൻ കുട്ടികൾക്ക് കഴിയണം. പാഠപുസ്തകത്തിലുള്ളത് മാത്രം വായിക്കലോ മനസിലാക്കലോ അല്ല പഠനമെന്നും കുട്ടികൾക്കായി തയ്യാറാക്കിയ വീഡിയോ സന്ദേശത്തിൽ എം.ടി. പറഞ്ഞു.
ആറ് ദിവസങ്ങളിൽ യു.എ. ഖാദർ, കെ.പി. രാമനുണ്ണി, ഖദീജ മുംതാസ്, വി.ആർ. സുധീഷ്, യു.കെ. കുമാരൻ, കൽപ്പറ്റ നാരായണൻ എന്നിവരുടെ പ്രഭാഷണങ്ങളുണ്ടാകും.