കൽപ്പറ്റ: സാമൂഹ്യ മാധ്യമങ്ങളുടെ ബാഹുല്യമുള്ള പുതിയ കാലത്ത് അറിവുകളുടെ അധികഭാരമാണ് പുതിയ തലമുറയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നതെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള പറഞ്ഞു. ജില്ലാ ഭരണകൂടവും, പി.എൻ പണിക്കർ ഫൗണ്ടേഷനും, സ്റ്റേറ്റ് ലൈബ്രറി കൗൺസിലും സംയുക്തമായി കളക്‌ട്രേറ്റിൽ നടത്തിയ വായനാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ.
പഴയ കാലത്ത് നൂറ് ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത് വലിയ കഴിവായി അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ന് നൂറ് ചോദ്യങ്ങൾക്ക് നാനൂറ് ഉത്തരങ്ങൾ ഉണ്ടാകുന്നു. ഈ ഉത്തരങ്ങളിൽ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുവാനുള്ള പ്രയാസം പുതുതലമുറ നേരിടുന്നുണ്ട്. അറിവുകളുടെ ബാഹുല്യത്തിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കാനുള്ള കഴിവ് വളർത്തിയെടുക്കേണ്ടതുണ്ട്. വായിക്കുമ്പോൾ ഈ കഴിവാണ് വികസിക്കുന്നത്. വായനയിലൂടെ ലോകത്തെ അറിയുന്നതോടൊപ്പം അവനവനിലേക്ക് നോക്കാനുള്ള അവസരവും ലഭ്യമാകും. സ്വയം തിരിച്ചറിവ് നേടാനും വ്യക്തിത്വ നവീകരണത്തിനും ഈ അവസരം സഹായകമാകുന്നുവെന്നും ജില്ലാ കളക്ടർ പറഞ്ഞു.

വായന ദിനാചരണ പ്രതിജ്ഞ എ.ഡി.എമ്മിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടർ ഇ. മുഹമ്മദ് യൂസഫ് ചൊല്ലികൊടുത്തു. ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ വിജയ ലക്ഷ്മി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ടി.ശേഖർ, പി.എൻ പണിക്കർ ഫൗണ്ടേഷൻ സ്റ്റേറ്റ് കോർഡിനേറ്റർ അർജുൻ പി.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.


(ചിത്രം)


സാക്ഷരതാ മിഷൻ വായനാദിനം ആചരിച്ചു

ജില്ലാ സാക്ഷരതാ മിഷന്റെയും തുടർവിദ്യാ കേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തിൽ പി.എൻ പണിക്കരുടെ 25ാം ചരമ വാർഷിക ദിനാചരണമായ വായനാദിനം ആചരിച്ചു. ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാ കേന്ദ്രങ്ങളിലുള്ള സാക്ഷരതാ തുല്യതാ പഠിതാക്കളെ ഉൾകൊള്ളിച്ചായിരുന്നു പ്രതിജ്ഞ. വായനാ മത്സരവും, ഭരണഘടനാ ക്വിസ് മത്സരവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷൈജു, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.

വായനാദിനം ആചരിച്ചു

കൽപ്പറ്റ എസ്.ഡി.എം.എൽ.പി. സ്‌കൂൾ വായനാ ക്ലബ്ബിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. 'പുസ്തക ചങ്ങാത്തം' എന്ന വായനാ പക്ഷാചരണ പരിപാടിയുടെ ഉദ്ഘാടനം രണ്ട് കേന്ദ്രങ്ങളിലായി നടത്തി. കൽപറ്റ ഗൂഡലായിക്കുന്ന് അംഗൻവാടിയിലും എമിലി അംഗൻവാടിയിലും നടന്ന ചടങ്ങിൽ എസ്.ഡി.എം.എൽ.പി. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് വിനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അജി ബഷീർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ അർഷാദ് ബത്തേരിയും അദ്ധ്യാപിക സി.വി.ഉഷയും വായനാദിന സന്ദേശം നൽകി. പൂർവ്വ വിദ്യാർത്ഥി എം. വി. ലിയോസ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ സമാഹരിച്ച പുസ്തകങ്ങൾ കുട്ടികൾക്ക് നൽകി.