route

വടകര: നാദാപുരം റോഡിനെ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറും കിഴക്കുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള അടിപ്പാത യാഥാർത്ഥ്യമാകുന്നു. ഇതുവഴി ഓർക്കാട്ടേരി, വെള്ളികുളങ്ങര, വള്ളിക്കാട് പ്രദേശങ്ങളിലുള്ളവർക്കും റെയിൽവേ സ്റ്റേഷന് കിഴക്കുള്ളവർക്കും ഏളുപ്പത്തിൽ ദേശീയ പാതയിലെത്താനാകും. മടപ്പള്ളി ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡടറി സ്കൂൾ, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ആസ്ഥാനം, മടപ്പള്ളി ഗവ. കോളേജ് എന്നിവടങ്ങളിലേക്കുള്ളവർക്കും അടിപ്പാത പ്രയോജനമാകും.

അടിപ്പാതയ്‌ക്കായി രൂപീകരിച്ച നിർമ്മാണ കമ്മിറ്റിയുടെ ശ്രമഫലമായി സി.കെ. നാണു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി എൺപത്തിയാറ് ലക്ഷത്തി മുപ്പതിനായിരം രൂപ അനുവദിച്ചു. തുക അധികൃതർക്ക് കൈമാറിയതിനെ തുടർന്ന് ടെൻഡർ ക്ഷണിച്ചുള്ള വിജ്ഞാപനവും പുറത്തിറങ്ങി. ഇതേത്തുടർന്ന ചേർന്ന നിർമ്മാണ കമ്മിറ്റി യോഗം ഫണ്ടനുവദിച്ച സി.കെ. നാണു എം.എൽ.എയേയും സംസ്ഥാന സർക്കാറിനെയും അഭിനന്ദിച്ചു. ചെയർമാൻ പാലേരി രമേശൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വേണു പൂന്തോട്ടത്തിൽ റിപ്പോർട്ടവതരിപ്പിച്ചു. ആർ. ഗോപാലൻ, സി.കെ. വിജയൻ, ശ്രീധരൻ മടപ്പള്ളി, പുന്നേരി ചന്ദ്രൻ, കെ. കാദർ ഹാജി, ബാലകൃഷ്ണൻ വല്ലത്ത് കെ.എം എന്നിവർ സംസാരിച്ചു.