കുന്ദമംഗലം: കുന്ദമംഗലം കോടതിയിലും മജിസ്ട്രേറ്റ് ക്വാർട്ടേഴ്സിലും കുടിവെള്ളമെത്തി. പി.ടി.എ റഹീം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് സംവിധാനം ഒരുക്കിയത്. എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. നിസാം ഉദ്ഘാടനം ചെയ്തു. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷന് വേണ്ടി പെരിങ്ങൊളം റോഡിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നുണ്ട്. സ്റ്റേഷൻ മാറുന്നതോടെ കോടതിയിൽ കൂടുതൽ സൗകര്യമുണ്ടാകും. നൂറ് വർഷം പഴക്കമുള്ള കോടതി കെട്ടിടം പൈതൃകം സംരക്ഷിച്ച് നവീകരിക്കാൻ ഒരു കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തിയിരുന്നു. ഇവിടേക്കുള്ള റോഡും എം.എൽ.എ ഫണ്ടിൽ നവീകരിച്ചു.
ഉദ്ഘാടന ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് എം. മുസ്തഫ, കെ.ഡബ്ല്യു.എ അസി. എൻജിനീയർ പി. മുനീർ അഹമ്മദ് എന്നിവർ പങ്കെടുത്തു.