സുൽത്താൻ ബത്തേരി: കഴിഞ്ഞ രണ്ടിന് നാല് അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് രോഗം സ്ഥിരികരിച്ച പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു നിർമ്മാണ തൊഴിലാളിക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി സ്വദേശിയായ മുപ്പത്കാരനാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. നേരത്തെ രോഗം പിടിപെട്ട ആളുമായി സമ്പർക്കമുണ്ടായിരുന്ന ഇയാൾ നിർമ്മാണ സൈറ്റിലെ ഇലക്ട്രീഷ്യനാണ്.
നേരത്തെ കൊവിഡ് ബാധിച്ച നാല്‌പേരിൽ ഒരാൾ താമസിച്ചിരുന്നത് കുപ്പാടിയിലെ വെള്ളപ്പാട്ട് എന്ന സ്ഥലത്ത് തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. നാല്‌പേർക്ക് കൊവിഡ് വന്നതോടെ ബത്തേരി നഗരസഭ പരിധിയിലെ മുഴുവൻ പ്രദേശങ്ങളും കണ്ടെയ്‌മെന്റ് സോണാക്കിയിരുന്നു. നിർമ്മാണത്തിലിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ തൊഴിലാളികളെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ക്വാറന്റൈയിൻ കാലാവധി ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ബുധനാഴ്ച വീണ്ടും ശ്രവ പരിശോധന നടത്തിയപ്പോഴാണ് പോസിറ്റിവായി കാണപ്പെട്ടത്. സമ്പർക്കത്തിലൂടെയാകാം രോഗം പടർന്നതെന്നാണ് നിഗമനം.