നാദാപുരം: കൊവിഡ് വ്യാപനവും ലോക്ക്ഡൗണും തുടങ്ങിയതോടെ വരുമാനം നിലച്ച ഡ്രൈവർമാർ ഇതര തൊഴിൽ മേഖലയിലേക്ക് തിരിയുന്നു. അന്യ സംസ്ഥാന തൊഴിലാളികളെല്ലാം നാട്ടിലേക്ക് മടങ്ങിയതോടെ സ്തംഭിച്ച കെട്ടിട നിർമ്മാണ മേഖലയിലേക്കാണ് ഇവരുടെ മാറ്റം. ടാക്സി ജീപ്പുകളിൽ യാത്രക്കാർ ഇല്ലാതായതോടെയാണ് നാദാപുരത്തെ ഡ്രൈവർമാർ ഉപജീവനത്തിന് പുതിയ ഉപായം കണ്ടെത്തിയത്. കല്ലാച്ചിയിൽ മാത്രം 13 ഡ്രൈവർമാരാണ് കെട്ടിടം പണിയ്ക്ക് ഇറങ്ങിയത്. ശീലമില്ലാത്ത ജോലിയായതിനാൽ ആദ്യം വിഷമിച്ചെങ്കിലും പതിയെ പൊരുത്തപ്പെട്ട് വരുന്നതായി പറയുന്നു. തൊഴിലാളികളെ കിട്ടാതെ വിഷമിച്ച കരാറുകാർക്കും ആശ്വാസമായിട്ടുണ്ട്. കല്ലാച്ചിയിലെ കെട്ടിടത്തിന്റെ വാർക്കപ്പണിയാണ് ഇവർ ഏറ്റെടുത്തത്.