കോഴിക്കോട്: ടയറിന്റെ പണിയും ഗ്രീസ് അടിയും ബസിനുണ്ടാകുന്ന അല്ലറചില്ലറ തകരാറ് തീർക്കലും ഒക്കെയായി തിരക്കിൽ മുഴുകി ജീവിക്കുന്ന ഒരുകൂട്ടം തൊഴിലാളികൾ സരോവരം ബയോപാർക്കിന് സമീപത്തെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ലോക്ക് ഡൗണിൽ സ്വകാര്യ ബസ് ഓട്ടം നിലച്ചതോടെ ഇവരുടെ ജീവിതവും പ്രതിസന്ധിയിലായി. നഗരത്തിൽ സരോവരം ബയോപാർക്ക്, എരഞ്ഞിപ്പാലം, നടക്കാവ് എന്നിവിടങ്ങളിൽ 100ഓളം പേർ ഇത്തരത്തിൽ ജോലി ചെയ്യുന്നുണ്ട്.
ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള സ്വകാര്യ ബസ്സുകൾ, ലോറികൾ എന്നിവയുടെയെല്ലാം സ്ഥിരം 'വർക്ക് ഷോപ്പാ'യിരുന്നു ഈ കേന്ദ്രങ്ങൾ. ലോക്ക് ഡൗണായതോടെ വാഹനങ്ങളുടെ വരവ് നിലച്ചു. ഇടയ്ക്ക് കിട്ടുന്ന ചില്ലറ പണികൾ സാധനങ്ങളുടെ ലഭ്യത കുറവ് മൂലം മുടങ്ങി.
അതോടെ വരുമാനം പൂർണ്ണമായും ഇല്ലാതായ അവസ്ഥ. നീണ്ട അടച്ചുപൂട്ടലിനുശേഷം വാഹനങ്ങൾ ഓടുന്നതിന് ഇളവുണ്ടെങ്കിലും ബസുകളുടെ ഓട്ടം സാധാരണനിലയിൽ ആകാത്തത് ഇവരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുകയാണ്. ദിവസം 15 ബസ്സുകൾ വരെ വന്നിടത്ത് ഒന്നോ രണ്ടോ ബസുകൾ മാത്രമാണ് ഇവിടെ എത്തുന്നത്. ക്ഷേമനിധിയിൽ നിന്ന് 1000 രൂപ ലഭിച്ചവരുണ്ട്. എന്നാൽ ക്ഷേമനിധിയിൽ അംഗമല്ലാത്തവർക്ക് അതും കിട്ടിയില്ല.
'നേരത്തെ ദിവസം 800 രൂപ വരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 200 രൂപ വരെ കിട്ടിയാലായി. 20 വർഷത്തിലേറേയായി ഈ പണിയാണ് ചെയ്യുന്നത്. മറ്റ് വരുമാനമൊന്നുമില്ല.’ -ബാബുരാജ് (തൊഴിലാളി)