കോഴിക്കോട്: കൊവിഡ് പരിശോധിയ്‌ക്കാനുള്ള ട്രൂനാറ്റ് മെഷിൻ ഗവ. ജനറൽ ആശുപത്രി റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിൽ എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ആശാദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ, ജില്ലാ ടി.ബി ഓഫീസർ ഡോ. പ്രമോദ് കുമാർ ഗവ. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫാറൂഖ് എന്നിവർ പങ്കെടുത്തു. ട്രൂനാറ്റ് മെഷിനിലൂടെ എട്ട് മണിക്കൂറിനകം 20 ടെസ്റ്റുകൾ നടത്താം. കേരളത്തിന് പുറത്ത് നിന്നെത്തിയ ഗർഭിണികൾക്കും നിരീക്ഷണത്തിലിരിക്കെ മരിച്ചവർക്കും അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്കും കൊവിഡ് വൈറസ് ബാധയുണ്ടോയെന്ന് കണ്ടെത്താൻ വേണ്ടിയാണ് ട്രൂനാറ്റ് മെഷിനുകൾ ഉപയോഗിക്കുന്നത്. രാവിലെ എട്ട് മുതൽ വൈകിട്ട് ആറു വരെ സേവനം സൗജന്യമാണ്. നാഷണൽ ഹെൽത്ത് മിഷൻ മൂന്ന് ലാബ് ടെക്‌നീഷ്യൻമാരെയും ഡാറ്റാ എൻട്രി ഓപ്പറേറ്ററേയും നിയമിച്ചിട്ടുണ്ട്.