കോഴിക്കോട്: അന്തേവാസികളുടെ പീഡനം സഹിക്കവയ്യാതെ നിരാഹാര സമരവുമായി വയോധികൻ. വെള്ളിമാടുകുന്ന് സാമൂഹിക ക്ഷേമ വകുപ്പിന് കീഴിൽ വരുന്ന വൃദ്ധ സദനത്തിലെ അന്തേവാസിയായ വി.അഗസ്റ്റിനാണ് (77) നിരാഹാരം അനിഷ്ഠിക്കുന്നത്. അന്തേവാസികൾക്കിടയിലെ സംഘട്ടനം പതിവാണെന്നും ബന്ധപ്പെട്ടവർ ഇടപെടുന്നില്ലെന്നും ആരോപിച്ചാണ് രോഗി കൂടിയായ അഗസ്റ്റിൻ കഴിഞ്ഞ 5 ദിവസമായി മരുന്നോ ഭക്ഷണമോ ഇല്ലാതെ കഴിയുന്നത്. ഡോക്ടർമാരും പൊലീസും പ്രശ്നം ഒത്തു തീർപ്പാക്കാൻ ശ്രമിച്ചെങ്കിലും തന്നെ പീഡിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇദ്ദേഹം. മെഡിക്കൽ കോളേജ് ഹൗസിംഗ് ബോർഡ് കോളനിയിലായിരുന്ന അഗസ്റ്റിൻ ഭാര്യയുടെ മരണ ശേഷമാണ് വൃദ്ധ സദനത്തിൽ എത്തുന്നത്. അഗസ്റ്റിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് വൃദ്ധ സദനത്തിൽ എത്തിയിരുന്നു.
ഗുണ്ടാ സ്വഭാവമുള്ള അന്തേവാസികൾ തന്നെ നിരന്തരം ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമാണെന്ന് അഗസ്റ്റിൻ പറയുന്നു. ഇവിടുത്തെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മർദ്ദനമെന്നും അദ്ദേഹം ആരോപിച്ചു. അതെസമയം
അന്തേവാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ മാത്രമാണെന്നും നിരാഹാരത്തെക്കുറിച്ച് മേലധികാരികളെ അറിയിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.