കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മന്ത്രി കെ.കെ. ശൈലജയെ 'നിപ രാജകുമാരി' എന്നു വിശേഷിപ്പിച്ചതിനെ വിമർശിച്ച് നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ രംഗത്തുവന്നു. ഫേസ്ബുക്കിലായിരുന്നു പ്രതികരണം.
ലിനിയുമായി ബന്ധപ്പെട്ട ഓർമ്മയിൽ നിന്ന് ചിലത് ചികഞ്ഞെടുത്തപ്പോൾ ചിലരുടെ മുഖങ്ങൾ ഗസ്റ്റ് റോളിൽ പോലും അതിന്റെ പരിസരത്തുണ്ടായിരുന്നില്ലെന്നാണ് സജീഷ് കുറിച്ചത്. കരുതലും തണലുമായി ഒപ്പമുണ്ടായിരുന്ന ചിലരുടെ പേര് വിപരീതമായി പരാമർശിക്കപ്പെട്ടപ്പോൾ പ്രയാസം തോന്നി. ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും കെ.കെ. ശൈലജ ഉണ്ടായിരുന്നെന്നും സജീഷ് കുറിച്ചു.
പിന്നാലെ, സജീഷിനെ തന്റെ ഫോണിൽ നിന്നാണ് മുല്ലപ്പള്ളി വിളിച്ചതെന്ന് പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജിതേഷ് മുതുകാട് വെളിപ്പെടുത്തി. അന്നത്തെ മാനസികാവസ്ഥ കാരണം സജീഷ് മറന്നതാകും. ചുളുവിൽ ക്രെഡിറ്റ് നേടാൻ ശ്രമിക്കുന്ന നന്മ മരത്തിന്റെ പ്രതിരൂപം തുറന്നു കാണിക്കുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തതെന്നും ജിതേഷ് ന്യായീകരിച്ചു. സജീഷ് ജോലി ചെയ്യുന്ന പേരാമ്പ്ര കൂട്ടാളി ഗവ. ആരോഗ്യ കേന്ദ്രത്തിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ചും നടത്തി.