dyfi

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റിനെ ഫേസ്ബുക്കിൽ വിമർശിച്ചതിനെ തുടർന്ന് ലിനിയുടെ ഭർത്താവിനെതിരായ കൈയേറ്റ ശ്രമം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് വ്യക്തിഹത്യ നടത്തുകയാണ്. അഭിപ്രായം പറയുന്നവരെ വ്യക്തിപരമായി പിന്തുടർന്ന് ആക്രമിക്കുന്ന രീതി കെ.പി.സി.സി പ്രസിഡന്റ് ഉപേക്ഷിക്കണം. കെ.പി.സി.സി പ്രസിഡന്റ് നിർദ്ദേശിച്ചതിനെ തുടർന്നെത്തിയ ക്രിമിനൽ സംഘമാണ് സജീഷിനെതിരെ അക്രമം നടത്തിയത്. ജില്ലാനേതൃത്വത്തിന്റെ അറിവോടുകൂടിയാണ് അക്രമം അരങ്ങേറിയത്. ലിനിയുടെ ഭർത്താവിനെ തടയുകയും ആരോഗ്യ പ്രവർത്തകരെ കൈയേറ്റം ചെയ്യുകയും ചെയ്ത മുഴുവൻ പേരേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഡി.വൈ.എഫ്‌.ഐ ആവശ്യപ്പെട്ടു.