k-surendran

കോഴിക്കോട്: ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഭൂമി പണം കൊടുത്ത് ഏറ്റെടുത്ത് കോടികൾ തട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ചെറുവള്ളി എസ്റ്രേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം ബിലീവേഴ്സ് ചർച്ചിന് പതിച്ചു നൽകാനുള്ള ഗൂഢാലോചന നടന്നത് വിദേശത്താണ്. ഇക്കാര്യത്തിൽ സി.പി.ഐയുടെ നിലപാട് വ്യക്തമാക്കണം. രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും നിലപാട് ബിലീവേഴ്സ് ചർച്ചിന് അനുകൂലമാണ്. കൊവിഡ് പ്രതിരോധത്തിൽ പാടേ പാളിയ സർക്കറിനെ സഹായിക്കുന്ന പ്രസ്താവനയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത്. യോഗ ദിനാചരണത്തിന്റെ ഭാഗമായി എല്ലാ പാർട്ടി ഓഫീസുകളിലും 20 ആളുകളിൽ കൂടാതെയുള്ള ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ. സജീവൻ, ഇ. പ്രശാന്ത്കുമാർ, അജയ് കെ. നെല്ലിക്കോട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.