കോഴിക്കോട്: അത്തോളിയിൽ കുടുംബനാഥന് പിന്നാലെ അമ്മയ്‌ക്കും മൂന്ന് മക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 11നാണ് ഇവർ കുവൈറ്റിൽ നിന്ന് കോഴിക്കോട്ടെത്തിയത്. പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് അച്ഛൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിന് ശേഷം അമ്മയും മക്കളും നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് അമ്മയ്ക്കും (31), രണ്ടും ആറും വയസുള്ള പെൺകുട്ടികൾക്കും, 11 വയസുകാരനും രോഗം സ്ഥിരീകരിച്ചത്. ഇവർ എഫ്.എൽ.ടി.സിയിലാണ് കഴിയുന്നത്.
ഇവരുൾപ്പടെ ജില്ലയിൽ ഇന്നലെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച കോഴിക്കോട്ടുകാരുടെ എണ്ണം 196 ആയി. ഇന്നലെ 11 പേർ രോഗമുക്തരായി. ആരെ രോഗമുക്തരുടെ എണ്ണം 91 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച മേപ്പയ്യൂർ സ്വദേശി (50) ഒമ്പതിനാണ് ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയത്. തുടർന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. 16ന് രോഗലക്ഷണങ്ങളെ തുടർന്ന് ആംബുലൻസിൽ പേരാമ്പ്രയിൽ എത്തിച്ചു. സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക്
പനങ്ങാട് സ്വദേശികളായ ദമ്പതികൾ 19നാണ് ഡൽഹിയിൽ നിന്ന് കോഴിക്കോട്ടെത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 15നാണ് ഒഞ്ചിയം സ്വദേശി ഖത്തറിൽ നിന്ന് കണ്ണൂരിലെത്തിയത്. തുടർന്ന് സർക്കാർ വാഹനത്തിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. 18ന് രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തലക്കുളത്തൂർ സ്വദേശി 12 നാണ് കുവൈറ്റിൽ നിന്ന് കണ്ണൂരിലെത്തിയത്. തുടർന്ന് സർക്കാർ വാഹനത്തിൽ വടകര കൊറോണ കെയർ സെന്ററിലെത്തി നിരീക്ഷണത്തിലായി. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. ഒമ്പതിനാണ് അഴിയൂർ സ്വദേശി ഖത്തറിൽ നിന്ന് കണ്ണൂരിലെത്തിയത്. തുടർന്ന് സർക്കാർ വാഹനത്തിൽ വടകര കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17ന് നടത്തിയ സ്രവ പരിശോധന രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
ഒമ്പതിനാണ് നന്മണ്ട സ്വദേശി കുവൈറ്റിൽ നിന്ന് കണ്ണൂരിലെത്തിയത്. തുടർന്ന് സർക്കാർ വാഹനത്തിൽ വടകര കൊറോണ കെയർ സെന്ററിലെത്തി നിരീക്ഷണത്തിലായി. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. ഏറാമല സ്വദേശിയായ യുവാവ് ഒമ്പതിനാണ് ദോഹയില്‍ നിന്ന് കണ്ണൂരിലെത്തിയത്. തുടർന്ന് സർക്കാർ വാഹനത്തിൽ വടകര കൊറോണ കെയർ സെന്ററിലെത്തി നിരീക്ഷണത്തിലായി. സ്രവ പരിശോധനയിൽ പോസിറ്റീവായതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
ജില്ലയിലെ കണക്കുകൾ ഇങ്ങനെ
ഇന്നലെ നിരീക്ഷണത്തിലായവർ- 1790
ആകെ നിരീക്ഷണത്തില്ലുള്ളവർ- 13,698
നിരീക്ഷണം പൂർത്തിയാക്കിയവർ- 41,284
ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവർ- 209
മെഡിക്കൽ കോളേജിലുള്ളവർ- 132
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലുള്ളത്- 77
നിരീക്ഷണത്തിലുള്ള പ്രവാസികൾ- 5,759