കൽപ്പറ്റ: വയനാട്ടിൽ ഇന്നലെ അഞ്ചു പേർക്കുകൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് ജില്ലയിലെത്തിയ മാനന്തവാടി സ്വദേശിയായ 45കാരി, താനെയിൽ നിന്ന് വന്ന താഴെ അരപ്പറ്റയിലെ 7 വയസ്സുള്ള കുട്ടി (2 പേരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു), ബഹറിനിൽ നിന്നെത്തിയ തലപ്പുഴ സ്വദേശി 22കാരൻ, ദുബൈയിൽ നിന്നെത്തിയ വടുവഞ്ചാൽ സ്വദേശി 35കാരൻ (രണ്ട് പേരും കൽപ്പറ്റയിൽ സ്ഥാപന നിരീക്ഷണത്തിലായിരുന്നു), ഡൽഹിയിൽ നിന്ന് ജില്ലയിലെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന പച്ചിലക്കാട് സ്വദേശി 24 കാരി എന്നിവരെയാണ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തൃക്കൈപ്പറ്റ സ്വദേശി 37 കാരനും കോറോം സ്വദേശി 47 കാരനുമാണ് സാമ്പിൾ നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.
നിലവിൽ രോഗം സ്ഥിരീകരിച്ച് 24 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ആകെ 3949 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഇതിൽ ഫലം ലഭിച്ച 3348 ൽ 3330 നെഗറ്റീവും 21 പോസിറ്റീവുമാണ് .
ജില്ലാ കൊറോണ കൺട്രോൾ റൂമിൽ നിന്ന് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 2965 ആളുകളെ നേരിട്ട് വിളിച്ച് അവർക്ക് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യകാര്യങ്ങൾ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 254 പേർക്ക് കൗൺസലിംഗ് നൽകി.
ജില്ലയിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2708 ആളുകളുടെ സാമ്പിളുകളിൽ 2409 ആളുകളുടെ ഫലം ലഭിച്ചതിൽ 2363 നെഗറ്റീവും 48 ആളുകളുടെ സാമ്പിൾ പോസിറ്റീവുമാണ്. 294 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്.
187 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി
336 പേർ പുതുതായിനിരീക്ഷണത്തിൽ
3392 പേർ നിലവിൽ നിരീക്ഷണത്തിൽ
38 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ
1571 പേർ കൊവിഡ് കെയർ സെന്ററുകളിൽ
475 പട്ടികവർഗ്ഗ വിഭാഗക്കാർ നിരീക്ഷണത്തിൽ